Friday, March 25, 2011

തിരുനബി വചനങ്ങൾ

ഇമാം സുയൂഥി(റ)യുടെ അൽ ജാമിഅ് അൽ സഗീറിൽ നിന്ന്

25. പണ്ഡിതന്മാരെ നിങ്ങൾ പിന്തുടരുക. നിശ്ചയം പണ്ഡിതന്മാർ ദുനിയാവിലെ വിളക്കുകകളും പരലോകത്തെ ദീപങ്ങളുമാകുന്നു.

26. നിന്റെ ഹൃദയം നിർമ്മലമായിത്തീരാനും നിന്റെ ആവശ്യങ്ങൾ നിറവേറാനും നീ ആഗ്രഹിക്കുന്നുവെങ്കിൽ അനാഥനോട് കരുണ കാണിക്കുക, അവന്റെ തലയിൽ തലോടുക, നിന്റെ ഭക്ഷണത്തിൽ നിന്ന് അവനെയും ഭക്ഷിപ്പിക്കുക; നിന്റെ ഹൃദയം നിർമ്മലമായിത്തീരും, നിന്റെ ആവശ്യങ്ങൾ നിറവേറ്റപ്പെടും.

27. നീ എവിടെയായിരുന്നാലും അല്ലാഹുവിനെ സൂക്ഷിക്കുക, ദുഷ്കർമ്മങ്ങൾക്കു പിറകെ ഉടൻ സൽകർമ്മങ്ങൾ ചെയ്യുക, എങ്കിൽ അത് മറ്റേതിനെ മായ്ച്ചു കളയുന്നതാണ്‌.

28. അല്ലാഹുവിനെ സൂക്ഷിക്കുക, നല്ല കാര്യങ്ങളിൽ ഒന്നിനെയും നിസ്സാരമായി കാണാതിരിക്കുക; വെള്ളം ചോദിച്ചവന്റെ പാത്രത്തിലേക്ക് നിന്റെ തൊട്ടിയിൽ നിന്ന് പാർന്നു കൊടുക്കുകയും നിന്റെ സഹോദരനെ വിടർന്ന മുഖവുമായി നീ കണ്ടു മുട്ടുകയും ചെയ്യുന്ന (ചെറിയ) കർമ്മങ്ങളായാൽ പോലും (ഒന്നിനെയും നീ കുറച്ചു കാണരുത്).

29. നീ നിന്നെ സൂക്ഷിക്കണം, മുണ്ട് നെരിയാണിയും വിട്ട് താഴ്ത്തുന്നതും ശ്രദ്ധിക്കണം. അങ്ങനെ താഴ്ത്തുന്നത് അഹങ്കാരത്തിൽ പെട്ടതാണ്‌. അത് അല്ലാഹു ഇഷ്ടപ്പെടുകയില്ല.

30. നിന്നിലില്ലാത്ത വല്ലതിന്റെയും പേരിൽ ഒരാൾ നിന്നെ ചീത്ത പറയുകയും അധിക്ഷേപിക്കുകയും ചെയ്താൽ അവനിലുള്ള ഒരു സംഗതിയുടെ പേരിൽ നീ അവനെ അവഹേളിക്കരുത്. അവനെ അവന്റെ പാട്ടിനു വിടുക. അതിന്റെ പ്രതിഫലം നിനക്കാകുന്നു. നീ ഒരിക്കലും ആരെയും ചീത്ത പറയരുത്. (ഇബ്നു ഹിബ്ബാൻ).

31. ഹറാമുകളെ വർജ്ജിക്കുക; എങ്കിൽ നീ ജനങ്ങളിൽ വെച്ചേറ്റവും വലിയ ഭക്തനായിത്തീരും. അല്ലാഹു നിനക്കു കണക്കാക്കിയതു കൊണ്ട് നീ തൃപ്തനാവുക; എങ്കിൽ നീ ജനങ്ങളിൽ വെച്ചേറ്റവും വലിയ ധനികനായിത്തീരും. നിന്റെ അയൽവാസിയ്ക്കു നീ നന്മ ചെയ്യുക; എങ്കിൽ നീ വിശ്വാസിയായിത്തീരും. നിനക്കിഷ്ടപ്പെടുന്നതെന്തോ അത് ജനങ്ങൾക്കുമുണ്ടാകാൻ നീ ആഗ്രഹിക്കുക; എങ്കിൽ നീ മുസ്‌ലിമായിത്തീരും. കൂടുതലായി ചിരിക്കരുത്; നിശ്ചയം, ചിരിയുടെ ആധിക്യം ഹൃദയത്തെ കൊന്നു കളയും.

32. അക്രമിക്കപ്പെട്ടവന്റെ പ്രാർത്ഥനയെ നീ സൂക്ഷിക്കണം. നിശ്ചയം അല്ലാഹുവിനോടവൻ ചോദിക്കുന്നത് അവന്റെ അവകാശമാണ്‌. ഒരുത്തന്റെയും അവകാശം അല്ലാഹു ഒരിക്കലും തടഞ്ഞു വെക്കില്ല.(ഖത്വീബ്)

33. അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കണം. മക്കൾക്കിടയിൽ നിങ്ങൾ നീതി പ്രവർത്തിക്കുകയും വേണം. (ബുഖാരി, മുസ്‌ലിം).

34. അല്ലാഹുവിനെ സൂക്ഷിക്കുക, നിങ്ങളോടെങ്ങിനെ നിങ്ങളുടെ മക്കൽ ഗുണം ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അതു പോലെ അവർക്കിടയിലും നിങ്ങൾ നീതിപൂർവ്വം വർത്തിക്കുവിൻ( ത്വബ്‌റാനി).

35. രണ്ടു ദുർബ്ബലരുടെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കണം. അടിമകളും സ്ത്രീകളുമാണവർ!. (ഇബ്നു അസാകിർ)

36. നിസ്കാരത്തിന്റെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, നിസ്കാരത്തിന്റെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, നിസ്കാരത്തിന്റെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, നിങ്ങളുടെ വലം കൈ ഉടമയാക്കിയ അടിമകളുടെ കാര്യത്തിലും നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, നിങ്ങളുടെ വലം കൈ ഉടമയാക്കിയ അടിമകളുടെ കാര്യത്തിലും നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. രണ്ടു ദുർബ്ബലരുടെ കാര്യത്തിലും നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. വിധവയായ സ്ത്രീയും അനാഥനായ കുഞ്ഞുമാണ്‌ (ആ രണ്ടു പേർ).

37. അല്ലാഹുവിനെ സൂക്ഷിക്കുക, കുടുംബ ബന്ധങ്ങൾ കൂട്ടിയിണക്കുക. (ഇബ്നു അസാകിർ)

38. അക്രമത്തെ സൂക്ഷിക്കുക, അക്രം അന്ധ്യ നാളിലെ അന്ധകാരങ്ങളാകുന്നു.

39. ഒരു കാരക്കയുടെ ചീന്തു കൊണ്ടെങ്കിലും നരകത്തെ നിങ്ങൾ കാത്തു കൊള്ളണം.

40. ഒരു കാരക്കയുടെ ചീന്തു കൊണ്ടെങ്കിലും നരകത്തെ നിങ്ങൾ കാത്തു കൊള്ളണം. അതും കിട്ടിയില്ലെങ്കിൽ ഒരു നല്ല വാക്കു കൊണ്ടെങ്കിലും. (ബുഖാരി, മുസ്‌ലിം, അഹ്‌മദ്)

41. അക്രമിക്കപ്പെട്ടവന്റെ പ്രാർത്ഥനയെ നിങ്ങൾ കരുതിയിരിക്കുക, മേഘത്തിനു മുകളിൽ അതു വഹിക്കപ്പെടും. അല്ലാഹു പറയും: ‘എന്റെ അന്തസ്സും പ്രതാപവും സാക്ഷി, കുറച്ചു കഴിഞ്ഞിട്ടാണെങ്കിലും ഞാൻ നിന്നെ സഹായിക്കുക തന്നെ ചെയ്യും. (ത്വബ്‌റാനി).

42. അക്രമിക്കപ്പെട്ടവന്റെ പ്രാർത്ഥനയെ സൂക്ഷിക്കുക, തീപ്പൊരി കണക്കെ അത് ആകാശത്തിലേക്കു കയറിപ്പോകും. (അൽ ഹാകിം)

43. അക്രമിക്കപ്പെട്ടവൻ കാഫിറാണെങ്കിൽ പോലും അവന്റെ പ്രാർത്ഥനയെ സൂക്ഷിക്കുക; കാരണം അതിനിടയിൽ മറകളൊന്നുമില്ല. (അഹ്‌മദ്, അഹൂ യഅ്ല)

44. രണ്ടു പേരുടെ നേർക്ക് അന്ത്യ നാളിൽ അല്ലാഹു നോക്കുക പോലുമില്ല. കുടുംബ ബന്ധം മുറിച്ചവൻ മോശം അയല്ക്കാരൻ (എന്നിവരാണവർ). (ദൈലമി)

45. ഒരാളേക്കാൾ കൂടുതൽ രണ്ടു പേരാണ്‌. രണ്ടു പേരേക്കാൾ കൂടുതൽ മൂന്നു പേരാണ്‌. മൂന്നു പേരേക്കാൾ കൂടുതൽ നല്ലത് നാലു പേരും. അതു കൊണ്ട് നിങ്ങൾ സംഘടിതരായിരിക്കുക. നിശ്ചയം അല്ലാഹു എന്റെ സമുദായത്തെ നേരായ വഴിയിൽ മാത്രമേ സംഘടിപ്പിക്കുകയുള്ളൂ. (അഹ്‌മദ്).

Sunday, October 3, 2010

തിരുനബി വചനങ്ങൾ - 5

  1. നിശ്ചയം കർമ്മങ്ങൾ കരുത്തുകൾ കൊണ്ടു മാത്രമാകുന്നു. ഓരോ മനുഷ്യനും അവൻ കരുതിയത് ലഭിക്കും. ഒരാളുടെ പലായനം അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കുമായാൽ അവന്റെ പലായനം അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും തന്നെയായിരിക്കും. ഒരാളുടെ പലായനം ലഭിക്കാനിരിക്കുന്ന ദുനിയാവിലേക്കോ കെട്ടാൻ പോകുന്ന പെണ്ണിലേക്കോ ആണെങ്കിൽ അവന്റെ പലായനം അതു രണ്ടിലേക്കും തന്നെയായിരിക്കും.(ബുഖാരി, മുസ്‌ലിം)
  2. പ്രവാചകന്മാരുടെ ആദ്യ കാലം ദിവ്യബോധനത്തിൽ നിന്നും അവസാനമായി ജനങ്ങൾക്കു ലഭിച്ചത് ‘ഉളുപ്പില്ലെങ്കിൽ നിനക്കു തോന്നിയതൊക്കെ ചെയ്തോളൂ’ എന്നായിരുന്നു.(ഇബ്നു അസാകിർ)
  3. മതത്തിന്റെ ദുരന്തം മൂന്നു പേരാകുന്നു: തെമ്മാടിയായ പണ്ഡിതൻ, അക്രമിയായ ഭരണാധികാരി, വിവരകെട്ട ഗവേഷകൻ.(ദൈലമി)
  4. ജ്ഞാനത്തിന്റെ ദുരന്തം മറവിയും ജ്ഞാനത്തിന്റെ നഷ്ടം അനർഹരായവരോടതു പറയലുമാകുന്നു. (ഇബ്നു അബീ ശൈബ)
  5. കപട വിശ്വാസിയുടെ ലക്ഷണം: നാവെടുത്താൽ കളവു പറയുക, വാക്കു പറഞ്ഞാൽ ലംഘിക്കുക, വിശ്വസിച്ചാൽ വഞ്ചിക്കുക (എന്നിവയാണ്‌) - (ബുഖാരി, മുസ്ലിം, തിർമുദി, നിസാഇ).
  6. നമ്മുടെയും കപട വിശ്വാസികളുടെയുമിടയിലുള്ള അടയാളം: ഇശാ നിസ്കാരത്തിനും സുബഹി നിസ്കാരത്തിനും സംബന്ധിക്കുക എന്നതാണ്‌. അവർക്കിതു രണ്ടിനും സാധിക്കില്ല. - (സുനൻ സഈദുബ്നു മൻസൂർ.
  7. നല്ല കാര്യം ചെയ്യുക, മോശം കാര്യം ചെയ്യാതിരിക്കുക. ആളുകൾക്കിടയിൽ നിൽക്കുമ്പോൾ, നിന്റെ കാതുകളെ അത്ഭുതപ്പെടുത്തുന്നതെന്താണോ അവർ നിന്നെപ്പറ്റി പറയാൻ നീ ആഗ്രഹിക്കുന്നത് എന്നു നോക്കി അത്തരം കാര്യങ്ങൾ ചെയ്യുക. അവർക്കിടയിലാവുമ്പോൾ അവരെന്താണോ നിന്നെക്കുറിച്ച് പറയാൻ നീ ആഗ്രഹിക്കാത്തത് അത്തരം കാര്യങ്ങൾ ചെയ്യാതെയുമിരിക്കുക. (ബൈഹഖി)
  8. നിന്റെ ‘കൃഷിയിടത്തിൽ’ നിനക്കു തോന്നുമ്പോഴൊക്കെ കടന്നു ചെല്ലാം. നീ ഭക്ഷിക്കുമ്പോൾ അവൾക്കും ഭക്ഷണം നൽകുക. നീ അണിയുമ്പോൾ അവളെയും അണിയിക്കുക. മുഖം ചുളിക്കരുത്, അടിക്കുകയും ചെയ്യരുത്. (അബൂ ദാവൂദ്)
  9. ക്ഷണിച്ചാൽ ക്ഷണം സ്വീകരിച്ച് ചെല്ലണം. (മുസ്‌ലിം)
  10. ഒലീവെണ്ണ കൊണ്ടു പാകം ചെയ്യുക. അതു കൊണ്ട് എണ്ണപുരട്ടുകയും ചെയ്യുക. വിശുദ്ധമായ ഒരു വൃക്ഷത്തിൽ നിന്നാണ്‌ അതു പുറത്തു വരുന്നത്. (ബൈഹഖി)
  11. വിശ്വാസിയുടെ കൊലയാളിക്ക് അല്ലാഹു പാപമോചനം നിഷേധിച്ചിരിക്കുന്നു. (ത്വബ്‌റാനി)
  12. പുത്തൻ വാദമുപേക്ഷിക്കുന്നതു വരേ പുത്തനാശയക്കാരന്റെ കർമ്മം സ്വീകരിക്കാൻ അല്ലാഹു വിസമ്മതിക്കുന്നതാണ്‌. (ഇബ്‌നു മാജ)
  13. നിന്നോട് അവിവേകം കാണിച്ചവനോട് അനുകമ്പ ചൊരിഞ്ഞും നിനക്കു തരാത്തവന്‌ അങ്ങോട്ട് കൊടുത്തും നീ അല്ലാഹുവിന്റെ പക്കൽ നിന്നും ഔന്നിത്യം തേടുക. (ഇബ്നു അദിയ്യ്)
  14. ദാനം ആദ്യം നിന്നിൽ നിന്നു തന്നെ തുടങ്ങുക. അതിനു ശേഷം വല്ലതും ബാക്കി വന്നാൽ അതു നിന്റെ കുടുംബത്തിനു നല്കുക. അവർക്കു കൊടുത്ത ശേഷവും വല്ലതും ബാക്കി വന്നാൽ തൊട്ടടുത്ത കുടുംബത്തിനു കൊടുക്കുക. അവർക്കു കൊടുത്തിട്ടും ബാക്കി വന്നാൽ പിന്നെ അതിനടുത്ത്.. അങ്ങനെ അങ്ങനെ...(മറ്റുള്ളവർക്കും കൊടുക്കുക.) - (നിസാഇ)
  15. അടിമകളിൽ അല്ലാഹുവിന്‌ ഏറ്റവും വെറുപ്പുള്ളത് സ്വന്തം കർമ്മങ്ങളേക്കാൾ വസ്ത്രം ഉഷാറായ ആളോടാണ്‌; അവന്റെ വസ്ത്രം പ്രവാചകന്മാരുടേത്, കർമ്മമോ പോക്കിരിമാരുടേതും.(ഉഖൈലി ഫി ദുഅഫാഅ്)
  16. ദുർബ്ബലരുടെയിടയിൽ എന്നെ നിങ്ങൾ അന്വേഷിക്കുക. നിശ്ചയം നിങ്ങൾക്ക് അന്നവും സഹായവും ലഭിക്കുന്നത് നിങ്ങളിലെ ദുർബ്ബലരെക്കൊണ്ടാണ്‌.
  17. സ്വന്തമായി (അധികാരികളുടെ) ശ്രദ്ധയിൽ പെടുത്താൻ കഴിയാത്തവരുടെ ആവശ്യങ്ങൾ നിങ്ങൾ അവരുടെ ശ്രദ്ധയിൽ പെടുത്തിക്കൊടുക്കുക. അവർക്ക് എത്തിക്കാൻ കഴിയാത്ത ആവശ്യങ്ങൾ ഒരാൾ എത്തിച്ചു കൊടുത്താൽ പരലോകത്ത് സ്വിറാത്തി(പാലത്തി)നു മുകളിൽ അവന്റെ രണ്ടു കാലുകളും അല്ലാഹു ഉറപ്പിച്ചു നിർത്തും (ത്വബ്‌റാനി).
  18. മനുഷ്യാ നീ നിന്റെ നാഥനെ അനുസരിക്കുക; എന്നാൽ നിന്റെ പേർ ബുദ്ധിമാൻ എന്നായിരിക്കും. നീ അവനോട് അനുസരണക്കേടു കാണിക്കാതിരിക്കുക. (അനുസരണക്കേടു കാണിച്ചാൽ) നിന്റെ പേര്‌ വിഡ്ഢി എന്നായിരിക്കും (അബൂ നഈം)
  19. ഭക്ഷണം തണുക്കാൻ വെക്കുക, പൊള്ളുന്ന ഭക്ഷണത്തിൽ ബറകത്ത് ഉണ്ടാവില്ല.(ബുഖാരി, മുസ്ലിം)
  20. അനുവദനീയമായ കാര്യങ്ങളിൽ അല്ലാഹുവിന്‌ ഏറ്റവും വെറുപ്പുള്ള സംഗതിയാണ്‌ വിവാഹ മോചനം.
  21. പള്ളികൾ പണിയുക, പള്ളികളിൽ നിന്നും മാലിന്യം പുറത്തു കളയുക. അല്ലാഹുവിനായി ഒരാൾ ഒരു പള്ളി നിർമ്മിച്ചാൽ അല്ലാഹു അവന്‌ സ്വർഗ്ഗത്തിൽ ഒരു ഭവനം നിർമ്മിച്ചു നൽകും. പള്ളികളിൽ നിന്നും മാലിന്യം നീക്കൽ ഹൂറികളുടെ വിവാഹ മൂല്യമാകുന്നു.
  22. മനുഷ്യ പുത്രാ, നിനക്കു മതിയായത് നിന്റെ പക്കലുണ്ട്. നീയാണെങ്കിലോ നിന്നെ പരാക്രമിയാക്കുന്ന സംഗതികളെയാണ്‌ അന്വേഷിക്കുന്നത്. മനുഷ്യ പുത്രാ, കുറഞ്ഞതു കൊണ്ട് നീ തൃപ്തനാകുന്നില്ല. കൂടുതലായി കിട്ടിയിട്ടും നിനക്കു വയറു നിറയുന്നുമില്ല. മനുഷ്യ പുത്രാ, നേരം പുലരുമ്പോൾ തടിക്കു സുഖവും വീട്ടിൽ സുരക്ഷിതത്വവും അന്നത്തെ ഭക്ഷണവും നിന്റെ പക്കലുണ്ടെങ്കിൽ ദുനിയാവിൽ നിനക്കു വേണ്ടതെല്ലാമായി. (ഇബ്നു അദിയ്യ്, ബൈഹഖി)
  23. ജിബ്രീൽ എന്റെയടുത്ത് വന്നു കൊണ്ട് പറഞ്ഞു: ‘ഓ മുഹമ്മദ്, താങ്കൾ ആഗ്രഹിക്കുന്നിടത്തോളം ജീവിച്ചോളൂ; താങ്കൾ ജഢമാകുന്നു. താങ്കൾ ആഗ്രഹിക്കുന്നവനെയൊക്കെ സ്നേഹിച്ചോളൂ; താങ്കൾ അവനോട് വിട പറയുന്നവനാണ്‌. ആഗ്രഹിക്കുന്ന കർമ്മങ്ങളൊക്കെ ചെയ്തോളൂ. ഏതിനും താങ്കൾക്ക് പ്രതിഫലം ലഭിക്കും. അറിയുക; ഒരു വിശ്വാസിയുടെ പ്രതാപം രാത്രിയിലുള്ള അവന്റെ നിസ്കാരമാകുന്നു. അവന്റെ അഭിമാനമോ പരാശ്രയ രാഹിത്യവും. (ഹാകിം, ബൈഹഖി)
  24. അല്ലാഹുവിന്റെ അടുക്കൽ നിന്നും ഒരാൾ എന്റെയടുത്ത് വന്നിട്ട് എന്റെ സമുദായത്തിലെ പകുതി പേരെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കാം അല്ലെങ്കിൽ ശിപാർശക്കധികാരം നല്കാം എന്നീ രണ്ടു കാര്യങ്ങളിൽ ഒന്ന് തിരഞ്ഞെടുക്കാൻ എനിക്ക് സ്വാതന്ത്ര്യം തന്നു. ഞാൻ ശിപാർശയെ തിരഞ്ഞെടുത്തു. അല്ലാഹുവിൽ ഒന്നിനേയും പങ്കു ചേർക്കാതെ മരിക്കുന്നവർക്കാകുന്നു ആ (ശിപാർശ) ലഭിക്കുക. (അഹ്‌മദി, തിർമുദി, ബൈഹഖി).

Monday, February 15, 2010

തിരുനബി വചനം - 4


മുഹമ്മദ്‌ നബിയുടെ നീതി പീഠം

ഞാൻ ഒരു മനുഷ്യനാകുന്നു. തർക്കങ്ങളുമായി നിങ്ങളെന്നെ സമീപിക്കുന്നു. നിങ്ങളിൽ ചിലർ മറ്റുള്ളവനേക്കാൾ തന്റെ വാദമുഖങ്ങൾ സമർത്ഥിക്കാൻ മിടുക്കന്മാരായിരിക്കും. അങ്ങനെ ഒരാൾക്ക്‌ ഞാൻ അവന്റെ സഹോദരന്റെ അവകാശം വിധിച്ചു നൽകിപ്പോയാൽ അവനതു സ്വീകരിക്കരുത്‌. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഞാനവനു മുറിച്ചു നൽകുന്നത്‌ നരകത്തിന്റെ ഒരു കഷണമയിരിക്കും. (ബുഖാരി)

സ്വപ്നം

ഇഷ്ടപ്പെട്ട ഒരു സ്വപ്നം നിങ്ങളിലൊരാൾ കണ്ടാൽ അത്‌ അല്ലാഹുവിൽ നിന്നാകുന്നു; അതവന്‌ പുറത്തു പറയുകയും ചെയ്യാം. അങ്ങനെയല്ലാത്ത വെറുക്കുന്ന സ്വപ്നം കണ്ടാൽ അത്‌ പിശാചിൽ നിന്നുള്ളതാകുന്നു. അതിന്റെ ഉപദ്രവത്തിൽ നിന്നും രക്ഷ നേടാൻ അവൻ പ്രാർത്ഥിക്കട്ടെ. അതാരോടും പറയാതിരിക്കുകയും ചെയ്യട്ടെ. എന്നാൽ അതവന്‌ ഒരുപദ്രവവും ചെയ്യില്ല. (ബുഖാരി)

ദാനം തിരിച്ചുവാങ്ങൽ

ദാനമായി നൽകിയത്‌ തിരിച്ചു വാങ്ങുന്നവൻ ശർദ്ദിച്ചത്‌ വീണ്ടും തിന്നുന്ന പട്ടിയെപ്പോലെയാണ്‌. മോശമായ ഉപമകൾ നമുക്ക്‌ പറ്റിയതല്ല.(ബുഖാരി)

കല്ല്യാണവും സമ്മതവും

സമ്മതം വാങ്ങാതെ വിധവയെ കല്യാണം കഴിച്ചു കൊടുക്കരുത്‌, സമ്മതം ചോദിക്കാതെ കന്യകയേയും. അവർ ചോദിച്ചു: "അവളുടെ സമ്മതം എങ്ങനെയാണ്‌?" അവിടുന്നു പറഞ്ഞു: "അവളുടെ മൗനം തന്നെ". (ബുഖാരി)

അക്രമം

അക്രമിയാകുമ്പോഴും അക്രമിക്കപ്പെടുമ്പോഴും നിന്റെ സഹോദരനെ നീ സഹായിക്കണം. അപ്പോൾ ഒരാൾ ചോദിച്ചു: "അക്രമിക്കപ്പെടുമ്പോൾ എനിക്കയാളെ സഹായിക്കാൻ കഴിയും. അക്രമിയാണെങ്കിൽ ഞാനെങ്ങണെയാണ്‌ സഹായിക്കേണ്ടതെന്ന് പറഞ്ഞു തന്നാലും". അവിടുന്ന് പറഞ്ഞു: "അവനെ അക്രമപ്രവർത്തനങ്ങളിൽ നിന്നും വിലക്കുക അല്ലെങ്കിൽ അതിൽ നിന്നും തടയുക. അതാകുന്നു അവനുള്ള സഹായം. (ബുഖാരി)

സാഹോദര്യം

ഒരു വിശ്വാസി മറ്റൊരു വിശ്വാസിയുടെ സഹോദരനാണ്‌. അവനെ കയ്യേറ്റം ചെയ്യരുത്‌. അവനെ പിടിച്ചു കൊടുക്കുകയും ചെയ്യരുത്‌. ഒരാൾ തന്റെ സഹോദരന്റെ ആവശ്യങ്ങൾ സാധിപ്പിച്ചു കൊടുത്താൽ അല്ലാഹു അവന്റെ ആവശ്യങ്ങൾ സാധിപ്പിച്ചു കൊടുക്കും.(ബുഖാരി)

വിശ്വാസത്തിന്റെ മധുരം

മൂന്നു കാര്യങ്ങൾ ഒരാളിലുണ്ടായാൽ അവന്‌ വിശ്വാസത്തിന്റെ മാധുര്യം ലഭിക്കുന്നതാണ്‌. അല്ലാഹുവും അവന്റെ പ്രവാചകനും മറ്റെന്തിനേക്കാളും അവനു പ്രിയപ്പെട്ടതാവുക, അല്ലാഹുവിനു വേണ്ടി മാത്രം മറ്റൊരാളെ സ്നേഹിക്കുക, ദൈവ നിഷേധത്തിലേക്കു മടങ്ങിപ്പോകുന്നത്‌ അഗ്നിയിലേക്ക്‌ തള്ളിയിടപ്പെടുന്നത്‌ എങ്ങിനെ വെറുക്കുന്നുവോ അതുപോലെ വെറുക്കുക (എന്നിവയാണ്‌ ആ മൂന്നു കാര്യം) (ബുഖാരി)

കൊടും പാതകങ്ങൾ

ഏറ്റവും വലിയ പാപം അല്ലഹുവിൽ പങ്കു ചേർക്കലും, മാതാപിതാക്കളെ ഉപദ്രവിക്കലും, കള്ള സാക്ഷ്യം നടത്തലുമാണ്‌ (കള്ള സാക്ഷ്യം നടത്തുക എന്നത്‌) മൂന്നു പ്രാവശ്യം അവിടുന്നു പറഞ്ഞു. അല്ലെങ്കിൽ കള്ള സാക്ഷി പറയുക എന്നാണു പറഞ്ഞത്‌. അവിടുന്ന് സംസാരം നിർത്തിയിരുന്നെങ്കിൽ എന്ന് ഞങ്ങൾ പറയുവോളം വീണ്ടും വീണ്ടും അതു പറഞ്ഞു കൊണ്ടേയിരുന്നു.(ബുഖാരി)

മത സൗഹാർദ്ദം

സന്ധിയിലേർപ്പെട്ടിരിക്കുന്നവനെ കൊല്ലുന്നവന്‌ സ്വർഗ്ഗത്തിന്റെ വാസന പോലും ലഭിക്കില്ല. സ്വർഗ്ഗത്തിന്റെ വാസനയാണെങ്കിലോ നാൽപ്പതു വർഷത്തെ വഴിദൂരം വരേയുത്തുന്നതാണ്‌.(ബുഖാരി)

ഒളിഞ്ഞു നോട്ടം

നിന്റെ സമ്മതം കൂടാതെ നിന്റെ വീട്ടിലേക്ക്‌ ഒരാൾ എത്തിനോക്കുകയും നീ ഒരു കല്ലെടുത്തെറിഞ്ഞ്‌ അയാളുടെ കണ്ണു പൊട്ടിക്കുകയും ചെയ്താലും നിനക്കു കുറ്റമില്ല.(ബുഖാരി)

കൊലപാതകം

വിശ്വാസികൾ വാളുമേന്തി പരസ്പരം ഏറ്റുമുട്ടിയാൽ കൊന്നവനും കൊല്ലപ്പെട്ടവനും നരകത്തിലാകുന്നു. ഞാൻ ചോദിച്ചു: "അല്ലാഹുവിന്റെ പ്രവാചകരേ, കൊലയാളി(ശിക്ഷയർഹിക്കുന്നു) എന്നാൽ കൊല്ലപ്പെട്ടവന്റെ സ്ഥിതിയോ?" അവിടുന്നരുൾ ചെയ്തു: "അവൻ തന്റെ കൂട്ടുകാരനെ കൊല്ലാൻ അതിയായി ആഗ്രഹിച്ചിരുന്നു".(ബുഖാരി)

അന്ത്യ നാളിന്റെ അടയാളങ്ങൾ

അന്ത്യനാളിന്റെ ലക്ഷണങ്ങളിൽ പെട്ടതാണ്‌: ഞ്ജാനം ഉയർത്തപ്പെടുക, വിവരക്കേട്‌ പുറത്തു വരിക, മദ്യപാനം നടത്തപ്പെടുക, വ്യഭിചാരം പരസ്യമാവുക, അമ്പതു സ്ത്രീകൾക്ക്‌ കരുത്തനായ ഒരു പുരുഷൻ എന്ന അനുപാതത്തോളം പുരുഷന്മാർ കുറയുകയും സ്ത്രീകൾ കൂടുകയും ചെയ്യുക. (ബുഖാരി)

അല്ലാഹുവിന്റെ തണൽ

അല്ലാഹുവിന്റെ തണലല്ലാതെ മറ്റൊരു തണലുമുണ്ടാകാത്ത അന്ത്യ നാളിൽ ഏഴു വിഭാഗങ്ങൾക്ക്‌ അല്ലാഹു അവന്റെ തണൽ നൽകുന്നതാണ്‌. നീതിമാനായ ഭരണാധികാരി, അല്ലാഹുവിന്റെ ആരാധനയിലായി വളർന്ന ചെറുപ്പക്കാരൻ, ഒഴിഞ്ഞ സ്ഥലത്തു വെച്ച്‌ നിറഞ്ഞ കണ്ണുകളുമായി അല്ലാഹുവിനെ സ്മരിക്കുന്നവൻ, എപ്പോഴും ഹൃദയം പള്ളിയുമായി ബന്ധിക്കപ്പെട്ടവൻ, അല്ലാഹുവിനു വേണ്ടി പരസ്പരം സ്നേഹിച്ച രണ്ടാളുകൾ, തറവാട്ടിൽ പിറന്ന സുന്ദരിയായ സ്ത്രീ സ്വയം വിളിച്ചപ്പോൾ 'ഞാൻ അല്ലാഹുവിനെ ഭയക്കുന്നു'വെന്ന് പറഞ്ഞ പുരുഷൻ, ദാനം ചെയ്യുകയും വലതു കൈ ചെയ്തത്‌ ഇടതു കൈ അറിയാത്ത വിധം അതു മറച്ചു വെക്കുകയും ചെയ്തവൻ(എന്നിവരാണ്‌ ആ ഏഴു വിഭാഗങ്ങൾ).(ബുഖാരി)

വിശ്വാസവും പാപവും

വ്യഭിചരിക്കുന്നവൻ വ്യഭിചരിക്കുന്ന സമയത്തും മദ്യപിക്കുന്നവൻ മദ്യപിക്കുന്ന സമയത്തും മോഷ്ടിക്കുന്നവൻ മോഷണം നടത്തുന്ന സമയത്തും ജനങ്ങൾ നോക്കി നിൽക്കേ പിടിച്ചു പറിക്കുന്നവൻ പിടിച്ചു പറിക്കുന്ന സമയത്തും വിശ്വാസിയായിരിക്കുകയില്ല.(ബുഖാരി)

പിതൃ സ്നേഹം

നിങ്ങളുടെ പിതാക്കന്മാർ മറ്റാരെങ്കിലുമായിരുന്നെങ്കിൽ എന്ന് നിങ്ങൾ ആഗ്രഹിക്കരുത്‌. അങ്ങനെ ആഗ്രഹിക്കുന്നവൻ കാഫിറാകുന്നു. (ബുഖാരി)

പിതൃ സ്നേഹം

പിതാവല്ലെന്നറിഞ്ഞു കൊണ്ടു തന്നെ മറ്റൊരാളാണ്‌ തന്റെ പിതാവെന്ന് ഒരാൾ വാദമുന്നയിച്ചാൽ സ്വർഗ്ഗം അവന്‌ നിഷിദ്ധമാണ്‌. (ബുഖാരി)

മുഹമ്മദ്‌ നബി - മനുഷ്യവകാശ പ്രവർത്തനം

വിശ്വാസികൾക്ക്‌ അവരുടെ ആത്മാവിനേക്കാളും വേണ്ടപ്പെട്ടവൻ ഞാനാകുന്നു. വീട്ടാനുള്ള വകയൊന്നും ബാക്കിവെക്കാതെ കട ബാധ്യതയുമായി ഒരാൾ മരിച്ചാൽ അതു വീട്ടേണ്ട ചുമതല നമുക്കാകുന്നു. വല്ലതും അവൻ ബാക്കിവെച്ചിട്ടുണ്ടെങ്കിൽ അതവന്റെ അനന്തിരാവകാശികൾക്കുള്ളതുമാണ്‌.(ബുഖാരി)

അധികാരം

അധികാരം നീ ചോദിച്ചു വാങ്ങരുത്‌. ചോദിക്കാതെയാണ്‌ നിനക്കത്‌ ലഭിക്കുന്നതെങ്കിൽ അവ്വിഷയത്തിൽ നീ സഹായിക്കപ്പെടും. ചോദിച്ചിട്ടാണതു കിട്ടിയതെങ്കിലോ എല്ലാം നിന്നെത്തന്നെ ഏൽപ്പിക്കപ്പെടും. ഒരു കാര്യത്തിൽ നീ സത്യം ചെയ്യുകയും മറ്റൊന്ന് അതിനേക്കാൾ നല്ലതായി കണ്ടെത്തുകയും ചെയ്താൽ ആ നല്ലത്‌ നീ നടപ്പിൽ വരുത്തുകയും സത്യത്തിന്‌ പ്രായശ്ചിത്തം കൊടുക്കുകയും ചെയ്യുക.(ബുഖാരി)

കാര്യ ഗൗരവം

മുഹമ്മദിന്റെ സമുദായമേ, അല്ലാഹുവാണു സത്യം!; ഞാനറിയുന്നത്‌ നിങ്ങളറിഞ്ഞിരുന്നെങ്കിൽ നിങ്ങൾ കൂടുതലായി കരയുകയും കുറച്ചു മാത്രം ചിരിക്കുകയും ചെയ്യുമായിരുന്നു.(ബുഖാരി)

അവകാശ സംരക്ഷണം

തന്റെ സഹോദരന്റെ അവകാശങ്ങൾ വല്ലവനും കവർന്നു വച്ചിട്ടുണ്ടെങ്കിൽ ദീനാറും ദിർഹമുമില്ലാത്ത സ്ഥലത്തു വെച്ച്‌ സ്വന്തം സൽ കർമ്മങ്ങൾ പിടിച്ചെടുത്ത്‌ സഹോദരന്‌ നൽകുകയും, സൽകർമ്മങ്ങളൊന്നുമില്ലെങ്കിൽ സഹോദരന്റെ പാപങ്ങളെടുത്ത്‌ തന്റെമേൽ ചുമത്തപ്പെടുകയും ചെയ്യുന്നതിനു മുമ്പ്‌ അയാളെക്കണ്ട്‌ അവൻ അവന്റെ പ്രശ്നം പരിഹരിക്കട്ടെ. (ബുഖാരി)

പരേതർ

മരിച്ചവരെ നിങ്ങൾ അധിക്ഷേപിക്കരുത്‌. അവർ അവരുടെ കർമ്മ ഫലങ്ങളിലേക്ക്‌ പോയിക്കഴിഞ്ഞിരിക്കുന്നു.(ബുഖാരി)

മരണത്തിന്റെ ബാക്കിപത്രം

മൂന്നു പേർ പരേതനെ അനുഗമിക്കും. അതിൽ രണ്ടു പേർ തിരിച്ചു പോരും. ഒരാൾ അയാളുടെ കൂടെ അവശേഷിക്കും. അയാളുടെ കുടുംബവും സമ്പദ്യവും കർമ്മവുമാണ്‌ (അനുഗമിക്കുന്ന മൂന്നു പേർ). കുടുംബവും സമ്പാദ്യവും തിരിച്ചു പോരും. കർമ്മം അയാളുടെ കൂടെത്തന്നെയിരിക്കും. (ബുഖാരി)

യഥാർത്ഥ മുസ്‌ലിം

സ്വന്തം നാവിൽ നിന്നും കൈയിൽ നിന്നും മറ്റു മുസ്ലിംകൾ സുരക്ഷിതനായവനാരോ അവനാകുന്നു (യഥാർത്ഥ) മുസ്ലിം. അല്ലാഹു നിരോധിച്ച സംഗതികളിൽ നിന്നും പലായനം ചെയ്തവനാണ്‌ (യഥാർത്ഥ) മുഹാജിർ.(ബുഖാരി)

ആത്മഹത്യ

മലമുകളിൽ നിന്നു ചാടി ആരെങ്കിലും ആത്മഹത്യ ചെയ്താൽ അവൻ നരകാഗ്നിയിൽ നിന്ന് നിരന്തരം കാലാകാലം ചാടിക്കൊണ്ടിരിക്കും. ഒരാൾ വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്താൽ നരകാഗ്നിയിൽ വെച്ച്‌ നിരന്തരം കാലാകാലം അവൻ വിഷം കഴിച്ചു കൊണ്ടേയിരിക്കും. ഇരുമ്പായുധം കൊണ്ട്‌ ഒരാൾ സ്വയം കുത്തിമരിച്ചാൽ നരഗാഗ്നിയിൽ വെച്ച്‌ കയ്യിൽ ഇരുമ്പുമായി കാലാകാലം നിരന്തരം അവൻ തന്റെ വയറ്റിൽ കുത്തിക്കൊണ്ടേയിരിക്കും.(ബുഖാരി)

Thursday, April 9, 2009

നബിവചനങ്ങൾ - 3

21. "കുടുംബ ബന്ധങ്ങൾ
(കുടുംബ ബന്ധം) മുറിച്ചവൻ സ്വർഗ്ഗത്തിൽ കടക്കുകയില്ല".
(ബുഖാരി)

22.ദയ
"ദയ കാണിക്കാത്തവന്‌ ദയ ലഭിക്കില്ല".
(ബുഖാരി)

23.ദാനം.
"കാരക്കയുടെ ഒരു ചീന്തു കൊണ്ടാണെങ്കിലും നിങ്ങൾ നരകത്തെ സൂക്ഷിക്കുക. അതും ലഭിച്ചിട്ടില്ലെങ്കിൽ
ല്ലോരു വാക്കു കൊണ്ടെങ്കിലും".
(ബുഖാരി)

24. സൽസ്വഭാവം.
"നിങ്ങളിൽ ഏറ്റവും ഉത്തമർ നല്ല സ്വഭാവമുള്ളവരാണ്‌"
(ബുഖാരി)

25. മ്ലേച്ഛൻ.
ഉപദ്രവം നേരിടാതിരിക്കാൻ ആളുകൾ ഒഴിഞ്ഞു മാറി നടക്കുന്ന മനുഷ്യനാകുന്നു അല്ലാഹുവിന്റെയടുക്കൽ അന്ത്യ ദിനത്തിൽ ഏറ്റവും മോശം സ്ഥാനത്തിരിക്കുന്നവൻ.

(ബുഖാരി)

26. വിശ്വാസി.
"ഒരു വിശ്വാസി മറ്റൊരു വിശ്വാസിക്ക്‌ പരസ്പരം ബലം നൽകുന്ന കെട്ടിടം പോലെയാണ്‌".
(ബുഖാരി)

27. ഭൂ പരിഷ്കരണം.
"ആരുടെയും ഉടമസ്ഥതയിലല്ലാത്ത്‌ ഒരു നിലം ഒരാൾ പരിപാലിച്ചാൽ അത്‌ അവനുള്ളതാകുന്നു".
(ബുഖാരി)

28.ഭൂ പരിഷ്കരണം.
"ഒരാൾക്കൊരു ഭൂമിയുണ്ടെങ്കിൽ അതിലവൻ കൃഷിയിറക്കണം. അല്ലെങ്കിൽ അതു (കൃഷി ചെയ്യാൻ) മറ്റൊരാൾക്കു കൊടുക്കണം. അതും ചെയ്യുന്നില്ലെങ്കിൽ അവന്റെ ഭൂമി പിടിച്ചെടുക്കണം".
(ബുഖാരി)

29. പിണക്കം.
"ഒരാൾക്കും തന്റെ സഹോദരനെ മൂന്നു രാവുകളിൽ കൂടുതൽ പിണങ്ങി നിൽക്കൽ അനുവദനീയമല്ല. അവർ പരസ്പരം കണ്ടുമുട്ടുന്നു. അപ്പോ
ഒരാ അങ്ങോട്ടു തിരിയുന്നു. മറ്റെയാൾ ഇങ്ങോട്ടു തിരിയുന്നു. (ഈ സാഹചര്യത്തിൽ) സലാം കൊണ്ട്‌ ആരു തുടങ്ങുന്നുവോ അവനാകുന്നു അവരിൽ ഏറ്റവും ഉത്തമൻ".
(ബുഖാരി)

30. യാചന.
ലഭിക്കട്ടെ ലഭിക്കാതിരിക്കട്ടെ; ആരോടെങ്കിലും യാചിക്കുന്നതിനേക്കാൾ നിങ്ങൾക്കു നല്ലത്‌ വിറകു ശേഖരിച്ച്‌ സ്വന്തം ചുമലിൽ വഹിച്ച്‌(കൊണ്ടുപോയി വിൽപ്പന നടത്തുന്ന ജോലിയിൽ ഏർപ്പെടുന്നതാണ്‌)
(ബുഖാരി)

Monday, April 6, 2009

നബിവചനം - 2

11. പാണ്ഡിത്യം.
അല്ലാഹു ഒരാൾക്ക്‌ ഏറ്റവു നല്ലത്‌ വരുത്തണമെന്ന് ഉദ്ദേശിച്ചാൽ അവനെ മത പണ്ഡിതനാക്കും. ഞാൻ വീതം വെക്കുന്നവൻ മാത്രം. കൊടുക്കുന്നവൻ അല്ലാഹുവാകുന്നു. അന്ത്യ ദിനത്തിൽ അല്ലാഹുവിന്റെ ഉത്തരവു വരുന്നതു വരേ, സമുദായം അല്ലാഹുവിന്റെ ആദർശം സംരക്ഷിച്ചു കൊണ്ടേയിരിക്കും. അല്ലാഹുവിന്റെ കൽപ്പന വരുന്നതു വരേ എതിരാളികൾക്ക്‌ അവരെ ഒന്നും ചെയ്യാൻ കഴിയില്ല.
(ബുഖാരി)

2. പണ്ഡിതന്റെ മരണം.
ഒറ്റയടിക്ക്‌ അല്ലാഹു സൃഷ്ടികളിൽ നിന്ന് ജ്ഞാനം പിടിച്ചു വാങ്ങില്ല. മറിച്ച്‌ പണ്ഡിതന്മാരെ തിരിച്ചു വിളിച്ചു കൊണ്ട്‌ ജ്ഞാനങ്ങൾ പിൻവലിക്കുകയാണ്‌ ചെയ്യുക. അങ്ങനെ ഒരു പണ്ഡിതനും ബാക്കിയാവാത്ത അവസ്ഥ വരും. അന്നേരം ജനങ്ങൾ വിഡ്ഢികളെ നേതൃത്വ സ്ഥാനത്ത്‌ അവരോധിക്കും. അവരോട്‌ ചോദിക്കുന്ന പ്രശ്നങ്ങൾക്ക്‌ ഒരു വിവരവുമില്ലാതെ അവർ ഫത്‌വ പുറപ്പെടുവിക്കും. അങ്ങനെ അവർ സ്വയം വഴിപിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യും.
(ബുഖാരി)

3. അല്ലാഹുവിന്റെ കാരുണ്യം.
അല്ലാഹു കാരുണ്യത്തെ നൂറ്‌ അംശങ്ങളായിട്ടാണ്‌ സൃഷ്ടിച്ചത്‌. അതിൽ തൊണ്ണൂറ്റിയൊമ്പതെണ്ണം അവൻ അവന്റെ പക്കൽ സൂക്ഷിച്ചു വെച്ചു. ഒന്ന് മാത്രം ഭൂമിയിലിറക്കി. ഒരംശത്തിൽ നിന്നാണ്‌ സൃഷ്ടികളെല്ലാം പരസ്പരം ദയ കാണിക്കുന്നത്‌. കുഞ്ഞിനെ (നോവിക്കാതിരിക്കാൻ) കുതിര തന്റെ കുളമ്പ്‌ ഉയർത്തിപ്പിടിക്കുന്നതു പോലും ( ഒരംശത്തിന്റെ ഭാഗമാണ്‌)
(ബുഖാരി)

4. സഹജീവി സ്നേഹം
ഒരാൾ ഇങ്ങനെ നടന്നു പോവുകയായിരുന്നു. അപ്പോൾ അയാൾക്ക്‌ കടുത്ത ദാഹം അനുഭവപ്പെട്ടു. അയാൾ ഒരു കിണർ കണ്ടു. ഉടനെ അതിലിറങ്ങി വെള്ളം കുടിച്ചു. പുറത്തു കടന്നപ്പോൾ ഒരു പട്ടി ദാഹം മൂലം നാവു നീട്ടി മണ്ണു നക്കുന്നതു കണാനിടയായി. അയാൾ പറഞ്ഞു: "എനിക്കുണ്ടായ ദാഹം തന്നെയാണ്‌ പട്ടിക്കും പിടിപെട്ടത്‌. ഉടനെ അയാൾ കുഴിയിലിറങ്ങി തന്റെ ഷൂവിൽ വെള്ളം നിറച്ച്‌ പല്ലു കൊണ്ട്‌ കടിച്ചു പിടിച്ച്‌ (പുറത്ത്‌ വന്ന്‌) പട്ടിക്ക്‌ കുടിക്കാൻ കൊടുക്കുകയും അല്ലാഹുവിന്‌ നന്ദി പറയുകയും ചെയ്തു. അതു കാരണം അല്ലാഹു അയാൾക്ക്‌ എല്ലാം പൊറുത്തു കൊടുത്തു. അവർ ചോദിച്ചു: "അല്ലാഹുവിന്റെ ദൂദരേ, മൃഗങ്ങൾക്ക്‌ ചെയ്തു കൊടുക്കുന്നതിലും പുണ്യമുണ്ടാകുമോ? അവിടുന്നു പറഞ്ഞു: "ഏത്‌ സചേതന വസ്തുക്കൾക്കും നൽകുന്നതിലും പുണ്യമുണ്ട്‌.
(ബുഖാരി)

5.ജീവ കാരുണ്യ പ്രവർത്തനം.
വിധവകൾക്കു വേണ്ടിയും സാധുക്കൾക്കു വേണ്ടിയും പ്രവർത്തിക്കുന്നവൻ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ വീര സമരം ചെയ്യുന്നവനെപ്പോലെയാണ്‌.
(ബുഖാരി)

6. അയൽവാസി
"അല്ലാഹുവാണ്‌ സത്യം; വിശ്വാസിയാവുകയില്ല", "അല്ലാഹുവാണ്‌ സത്യം; വിശ്വാസിയാവുകയില്ല","അല്ലാഹുവാണ്‌ സത്യം; വിശ്വാസിയാവുകയില്ല", അവിടുത്തോട്‌ ചോദിക്കപ്പെട്ടു
"ആരാണ്‌ പ്രവാചകരേ", അവിടുന്നു പറഞ്ഞു: "തന്റെ ഉപദ്രവങ്ങളിൽ നിന്നും അയൽവാസി നിർഭയനല്ലാത്തവൻ".
(ബുഖാരി)

7. അയൽവാസി.
അയൽവാസിയുടെ കാര്യത്തിൽ ജിബ്‌രീൽ എന്നോട്‌ ഉപദേശിച്ചു കൊണ്ടേയിരുന്നു. അവന്‌ അനന്തരാവകാശവും കൂടി നൽകേണ്ടി വരുമോ എന്ന് ഞാൻ കരുതിപ്പോയി.

8.
അയൽവാസി.
വിശ്വാസിനികളായ പെണ്ണുങ്ങളേ, ഒരയൽക്കാരിയും മറ്റൊരയൽക്കാരിയെ അവഹേളിക്കരുത്‌. അത്‌ (നിങ്ങൾക്കു കൊടുത്തയച്ച) ഒരാട്ടിൻ കുളമ്പിന്റെ പേരിലായാൽ പോലും.

9. സമൂഹിക ബാധ്യത.
അല്ലാഹുവിലും അന്ത്യ നാളിലും വിശ്വസിക്കുന്നവൻ അയൽവാസിയെ ഉപദ്രവിക്കരുത്‌. അല്ലാഹുവിലും അന്ത്യ നാളിലും വിശ്വസിക്കുന്നവൻ അതിഥിയെ സൽക്കരിക്കട്ടെ. അല്ലാഹുവിലും അന്ത്യ നാളിലും വിശ്വസിക്കുന്നവൻ നല്ലതു പറയട്ടെ, അല്ലെങ്കിൽ മിണ്ടാതിരിക്കട്ടെ.

10. അടുത്ത വീട്‌
ആയിശ() ചോദിച്ചു. "അല്ലാഹുവിന്റെ പ്രവാചകരേ, എനിക്ക്‌ രണ്ട്‌ അയൽവാസികളുണ്ട്‌. അവരിൽ ആർക്കാണ്‌ ഞാൻ ദാനം കൊടുത്തയക്കേണ്ടത്‌? (ഒരാൾക്കുള്ളതേ കൈവശമുള്ളൂ). അവിടുന്നു പറഞ്ഞു: "ഏറ്റവും അടുത്ത വാതിൽ ആരുടേതാണോ; (അവർക്കു കൊടുക്കുക).

Saturday, April 4, 2009

നബി വചനങ്ങൾ

1. കാരുണ്യം / ദയ
"പരസ്പരം ദയ കാണിക്കുന്നവരോട്‌ കരുണാമയൻ ദയ കാണിക്കും,
ഭൂമിയിലുള്ളവരോട്‌ മുഴുവൻ നിങ്ങൾ ദയ കാണിക്കുക;
എന്നാൽ ആകാശത്തുള്ളവർ നിങ്ങളോട്‌ ദയ കാണിക്കും."

(തിർമുദി)

2. ജ്ഞാനം.

രണ്ടു കാര്യങ്ങളിലേ അസൂയ പാടുള്ളൂ,
(ഒന്ന്) അല്ലാഹു സമ്പത്ത്‌ നൽകിയ ഒരാൾ; അത്‌ സത്യ (മാർഗ്ഗ)ത്തിൽ ചിലവു ചെയ്യാൻ അവന്‌
അധികാരം നൽകപ്പെട്ടിരിക്കുന്നു,
(രണ്ട്‌) അല്ലാഹു ജ്ഞാനം നൽകിയവൻ. അതു കൊണ്ട്‌ അവൻ കർമ്മ നിർവ്വഹണം നടത്തുന്നു. അതു പഠിപ്പിച്ചു കൊടുക്കുകയും ചെയ്യുന്നു.

(ബുഖാരി)

3. നിത്യ കർമ്മങ്ങൾ.

മനുഷ്യൻ മരിച്ചാൽ മൂന്നെണ്ണമൊഴികെ അവന്റെ (മുഴുവൻ) കർമ്മങ്ങളും മുറിഞ്ഞു പോകുന്നതാണ്‌.
തുടർന്നു പോകുന്ന ദാനം,
ഉപകാരം ലഭിക്കുന്ന ജ്ഞാനം,
അവനു വേണ്ടി പ്രാർത്ഥിക്കുന്ന നല്ല സന്താനം
(എന്നിവയാകുന്നു വേർപ്പെടാത്ത മൂന്നു പുണ്യങ്ങൾ).

(മുസ്‌ലിം)

4. ഞാന സമ്പാദനം.

വിജ്ഞാന സമ്പാദനത്തിനായി ഒരാൾ ഒരു വഴിക്കിറങ്ങിയാൾ
അതു നിമിത്തം അവന്‌ അല്ലാഹു സ്വർഗ്ഗത്തിലേക്കുള്ള വഴി എളുപ്പമാക്കിക്കൊടുക്കും. ഒരാളുടെ കർമ്മം അയാളെ പിന്നിലാക്കിയാൽ
അവന്റെ തറവാട്ടു മഹിമ അവനെ മുന്നിലെത്തിക്കുകയില്ല.

(അബൂ ദാവൂദ്‌)

5- ഭക്തിയും പാണ്ഡിത്യവും.

ആയിരം ഭക്തന്മാരേക്കാൾ ഒരു പണ്ഡിതനോടാണ്‌
പിശാചിന്‌ കൂടുതൽ പ്രയാസപ്പെടേണ്ടി വരുന്നത്‌
(തിർമുദി)

6. വിജ്ഞാനവും ഉപകാരവും

"ഉപകാരം ലഭിക്കുന്ന വിജ്ഞാനത്തിനായി
നിങ്ങൾ അല്ലാഹുവിനോട്‌ പ്രാർത്ഥിക്കുവീൻ.
ഒരുപകാരവും ലഭിക്കാത്ത വിജ്ഞാനത്തിൽ നിന്നും
നിങ്ങൾ അല്ലാഹുവിനോട്‌ അഭയം തേടുകയും ചെയ്യുവീൻ.
"
(ഇബ്നു മാജ:)

7. പണ്ഡിതന്മാർ

"ഭൂമിയിൽ പണ്ഡിതന്മാരുടെ ഉപമ
'കരയിലും കടലിലും ഇരുട്ടിൽ വഴികാണിക്കുന്ന
ആകാശത്തിലെ നക്ഷത്രങ്ങളെ' പോലെയാണ്‌.
നക്ഷത്രങ്ങൾ മാഞ്ഞു പോയാൽ
പഥികർ വഴി പിഴച്ചു പോകാൻ സാധ്യതയുണ്ട്‌".

(അഹ്‌മദ്‌)

8. കപട വിശ്വാസം.

കപട വിശ്വാസിയുടെ ലക്ഷണം മൂന്നെണ്ണമാകുന്നു:
നാവെടുത്താൽ കളവു പറയും
വാഗ്‌ദാനം ചെയ്താൽ ലംഘിക്കു
, വിശ്വസിച്ചാൽ വഞ്ചിക്കു.
(മുസ്‌ലിം)

9- മതാപിതാക്കൾ

ഒരിക്കൽ ഒരാൾ തിരുനബിയുടെ മുമ്പിൽ വന്ന് ഞാനും യുദ്ധത്തിനു വരട്ടേ എന്നപേക്ഷിച്ചു. അവിടുന്ന് അയാളോട്‌ ചോദിച്ചു
" നിങ്ങൾക്ക്‌ മതാപിതാക്കളുണ്ടോ?".
അയാൾ 'അതേ' എന്നു പറഞ്ഞു.
തിരുനബി അപ്പോൾ ഇങ്ങനെ അരുളി
"എങ്കിൽ നീ അവർക്കു വേണ്ടി പൊരുതുക"

(ബുഖാരി)

10- മതാ പിതാക്കൾ
"ഏറ്റവും വലിയ പാതകമാകുന്നു ഒരാൾ തന്റെ മാതാപിതാക്കളെ ശപിക്കുക എന്നത്‌" അവിടുന്ന് ചോദിക്കപ്പെട്ടു
"അല്ലാഹുവിന്റെ ദൂദരേ, എങ്ങനെയാണ്‌ ഒരാൾ തന്റെ മാതാപിതാക്കളെ ശപിക്കുക"(അങ്ങനെ സംഭവിക്കാറില്ലല്ലോ).
അവിടുന്നു പറഞ്ഞു: "ഒരാൾ മറ്റൊരാളുടേ പിതാവിനെ ചീത്തപറയും, അപ്പോൾ അവൻ ഇവന്റെ പിതാവിനെയും മാതാവിനെയും ചീത്ത പറയും".
(അത്‌ സ്വന്തം മാതാവിനെ ശ
പിക്കുന്നതിനു തുല്യമാണ്‌).
(ബുഖാരി)

Thursday, March 26, 2009

കാരുണ്യത്തിന്റെ പ്രവാചകൻ.

പ്രവാചക തിരുമേനി മുഹമ്മദ്‌ നബി (സല്ലല്ലാഹു അലൈഹി വസല്ലം) ഒരു ദിവസം അവിടുത്തെ പേരക്കുട്ടികളായ ഹസനെയും ഹുസൈനെയും ചുംബിക്കുകയും പിടിച്ചു മടിയിൽ ഇരുത്തുകയും ചെയ്ത രംഗം കാണാനിട വന്ന തമീം ഗോത്രക്കാരനായ അൽ അബ്‌റഅ് ഇബുനു ഹാസിബ്‌ അൽഭുതത്തോടെ ഇങ്ങിനെ പറഞ്ഞു: "എനിക്കു പത്തു മക്കളുണ്ട്‌. അവരിലോരാളെയും ഞാൻ ചുംബിച്ചിട്ടില്ല."
ഉടനെ പ്രവാചക ശ്രേഷ്ഠർ അയാളുടെ നേർക്കു നോക്കി ഇങ്ങിനെ പ്രതിവചിച്ചു: "കരുണ ചെയ്യാത്തവന്‌ കരുണ ലഭിക്കുകയുമില്ല." (ബുഖാരി, മുസ്‌ലിം)

മറ്റൊരിക്കൽ ഒരു ഗ്രാമീണൻ വന്ന് തിരു ദൂതരോട്‌, 'നിങ്ങൾ കുഞ്ഞുങ്ങളെ ചുംബിക്കാറുണ്ടോ? ഞങ്ങൾ ചുംബിക്കാറില്ല' എന്ന് പറഞ്ഞ സന്ദർഭത്തിലും അവിടുന്ന് ഗൗരവത്തോടെ പറഞ്ഞതിങ്ങനെയാണ്‌.
"നിങ്ങളുടെ ഹൃദയത്തിൽ നിന്ന് അല്ലാഹു കാരുണ്യത്തെ പിഴുതെടുത്തു കളഞ്ഞെങ്കിൽ എനിക്കതു തിരിച്ചു തരാൻ കഴിയുമോ?".(ബുഖാരി, മുസ്‌ലിം, അബൂ ദാവൂദ്‌)

ഈ രണ്ടു സംഭവങ്ങളിൽ നിന്നും ആറാം നൂറ്റാണ്ടിലെ, വരണ്ടു വിണ്ടുകീറിക്കിടക്കുന്ന സമൂഹ മന:സാക്ഷിയുടെ ഊഷരമായ പ്രതലവും അതിൽ പേമാരി പോലെ ചൊരിയുന്ന ഒരു മഹാ മനസ്കന്റെ ആർദ്ദ്രമായ മുഖവും നമുക്കു ദർശിക്കുവാൻ കഴിയും.

അനുയായികളുടെ ഉത്തരവാദിത്തം.

ആയുധവും അധികാരങ്ങളുമുപയോഗിച്ച്‌ പ്രചരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത പ്രസ്ഥാനമാണ്‌ ഇസ്‌ലാമെന്ന് ആക്ഷേപിക്കുകയും അവരുടെ ആദരണീയനായ പ്രവാചകനെപ്പോലും ബോംബു വാഹകനായി ചിത്രാവിഷ്കാരം നടത്തി അവഹേളിക്കുകയും ചെയ്യുന്ന ദോഷൈക ദൃക്കുകൾ, ആ പ്രവാചകനും അദ്ദേഹത്തിന്റെ ആദർശവും മാനവ സംസ്കാരത്തിനു മുമ്പിൽ സമർപ്പിച്ച സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മുഖം കണ്ടിട്ടില്ലെങ്കിൽ അതിനുത്തരവാദി നിഷ്ക്രിയരായ അനുയായികളും കൂടിയാണെന്ന് പറയുന്നതിൽ അനൗചിത്യമുണ്ടെന്ന് തോന്നുന്നില്ല.

കാരുണ്യത്തിന്റെ വ്യാപ്തി.

ജനങ്ങളോട്‌ ദയ കാണിക്കാത്തവർക്ക്‌ അല്ലാഹുവും ദയ കാണിക്കുകയില്ല (ബുഖാരി) എന്നും "ഭൂമിയിലുള്ളവരോട്‌ മുഴുവൻ നിങ്ങൾ ദയ കാണിക്കുക. ആകാശത്തുള്ളവർ നിങ്ങളോട്‌ ദയ കാണിക്കും" (തിർമുദി) എന്നും പറഞ്ഞിടത്ത്‌ അല്ലാഹുവിന്റെ പ്രവാചകൻ കരുണയുടെ ചക്രവാളം മുഴുവൻ ചരാചരങ്ങൾക്കുമായി തുറന്നു കൊടുക്കുകയാണ്‌ ചെയ്യുന്നത്‌. അവിടെ വിശ്വാസികളെന്നോ ധിക്കാരികളെന്നോ വിവേചനമില്ല; മനുഷ്യനെന്നോ മൃഗമെന്നോ ഉള്ള തരം തിരിവില്ല. അതു കൊണ്ടാണല്ലോ 'വിശന്നു നാവു നീട്ടി മണ്ണു നക്കുന്ന നായയ്ക്ക്‌ വെള്ളം കൊടുത്ത തേവടിശ്ശിക്ക്‌ അല്ലാഹു പൊറുത്തു കൊടുത്തെന്നും', 'ഭക്ഷണം കൊടുക്കാതെ പൂച്ചയെ കെട്ടിയിട്ട്‌ പട്ടിണിക്കിട്ടു കൊന്ന സ്ത്രീ അക്കാരണതാൽ തന്നെ നരകത്തിൽ കടക്കുമെന്നും'(ബുഖാരി-9, മുസ്‌ലിം- 159) അവിടുന്ന് അനുയായികളോട്‌ പറഞ്ഞു കൊടുത്തത്‌.

ഒരിക്കൽ ഒരു യാത്രയിൽ തിരുനബിയുടെ അനുയായികൾ രണ്ടു പക്ഷിക്കുഞ്ഞുങ്ങളെ പിടിച്ചു കൊണ്ടു വന്നു, ഉടനെ തള്ളപ്പക്ഷി പറന്നു വന്ന് അവരുടെ മുമ്പിൽ നിന്ന് ചിറകിട്ടടിക്കാൻ തുടങ്ങി. ഇതു കണ്ട തിരു ദൂതർ അവരോടു പറഞ്ഞു: "ആരാണീ തള്ളപ്പക്ഷിയെ നോവിക്കുന്നത്‌?. അതിന്റെ കുഞ്ഞുങ്ങളെ അതിനു മടക്കിക്കൊടുക്കൂ". മറ്റൊരിക്കൽ ഒരൊട്ടകം തിരുനബിയെ കാണാനിടയായി. നിറഞ്ഞ കണ്ണുകളുമായി അത്‌ അരുമയോടെ നബിയുടെ മുമ്പിൽ വന്ന് നിന്നു: അവിടുന്നതിനെ തടവി സമാധാനിപ്പിച്ചു. "ആരുടേതാനീ ഒട്ടകം?" അവിടുന്ന് വിളിച്ചു ചോദിച്ചു. അപ്പോൾ അരു അൻസാരി യുവാവ്‌ "അല്ലാഹുവിന്റെ പ്രവാചകരേ, അതെന്റേതാണ്‌" എന്നു പറഞ്ഞു കൊണ്ട്‌ അങ്ങോട്ട്‌ ചെന്നു. തിരുനബി അയാളെ ഇങ്ങനെ ഉപദേശിച്ചു. "അല്ലാഹു നിന്റെ ഉടമയിലാക്കിത്തന്ന ഈ മൃഗത്തിന്റെ കാര്യത്തിൽ നിനക്ക്‌ അല്ലാഹുവിനെ അനുസരിച്ചു കൂടെ?. നീ അതിനെ വേദനിപ്പിക്കുകയും ക്ഷീണിപ്പിക്കുകയും ചെയ്യുന്നുവേന്ന് അതെന്നോട്‌ വേവലാതി പറഞ്ഞിട്ടുണ്ട്‌"
ആരോ തീയിട്ട്‌ കത്തിച്ച ഒരുറുമ്പിൻ കൂട്‌ കണ്ടപ്പോൾ അതിനെക്കുറിച്ചന്വേഷിച്ച തിരുമേനി പ്രഖ്യാപിച്ചത്‌ "തീ കൊണ്ടു ശിക്ഷിക്കാനുള്ള അധികാരം ആ തീയുടെ ഉടമസ്ഥന്‌ (അല്ലാഹുവിന്‌) മാത്രമേ ഉള്ളൂ എന്നാണ്‌.(അബൂ ദാവൂദ്‌). രസകരമായ മറ്റൊരു സംഭവം ഒരിക്കൽ മിനായിൽ നിന്നുണ്ടായി. അന്ന് അവിടുന്ന് അനുയായികളുടെ കൂടെ വിശ്രമിക്കുകയായിരുന്നു. ഉടനെ അവിടെയുള്ള കല്ലുകൾക്കിടയിൽ നിന്നും അരു പാമ്പ്‌ പുറത്തു വന്നു. അതിനെ അടിച്ചു കൊല്ലാൻ സഹാബികളിൽ ചിലർ ഓടി അടുത്തപ്പോൾ പാമ്പ്‌ ജീവനും കൊണ്ട്‌ പാഞ്ഞ്‌ പാറക്കല്ലുകൾക്കിടയിൽ മറഞ്ഞു. ഇതു അകലെ നിന്നും കണ്ട നബി തങ്ങൾ ഇങ്ങനെ പറഞ്ഞു: "അല്ലാഹു അതിനെ നിങ്ങളുടെ ഉപദ്രവത്തിൽ നിന്നും കാത്തു, അതിന്റെ ഉപദ്രവത്തിൽ നിന്ന് നിങ്ങളെയും കാത്തു". കൊല്ലാൻ അനുവാദം നൽകപ്പെട്ട ജീവിയാകുന്നു പാമ്പ്‌ എന്നു കൂടി നാം ഇതിനൊപ്പം കൂട്ടി വായിക്കണം.
മുഖത്ത്‌ ചാപ്പ കുത്തിയ കഴുതയെ കണ്ടപ്പോൾ അവിടുന്ന് പറഞ്ഞത്‌: "അതു ചെയ്തവനെ അല്ലാഹു ശപിക്കട്ടെ എന്നാണ്‌.

പുരാതന കാലം മുതലേ മനുഷ്യൻ വിനോദങ്ങൾക്കും മൽസരങ്ങൾക്കുമായി മൃഗങ്ങളെയും പക്ഷികളെയും പോരിനിറക്കാറുണ്ടായിരുന്നു. കാളപ്പോരും കോഴിപ്പോരുമൊക്കെ ഇന്നും പല നാടുകളിലും നില നിൽക്കുന്നുണ്ട്‌. ഹീനവും ക്രൂരവുമായ ഈ വിനോദങ്ങൾക്കിടയിൽ പലപ്പോഴും അവകൾക്ക്‌ ജീവൻ തന്നെ നഷ്ടപ്പെടാറുണ്ട്‌. പല രാഷ്ട്രങ്ങളും ഇത്തരം മൽസരങ്ങൾ നിരോധിച്ചിട്ടുണ്ട്‌. എന്നാൽ പ്രവാചകൻ (സ)പതിനാലു നൂട്ടാണ്ടുകൾക്കു മുമ്പു തന്നെ ഇതിനായി മൃഗങ്ങളെ ഉപയോഗിക്കുന്നത്‌ നിരോധിച്ചു എന്ന് അബൂ ദാവൂദ്‌, തിർമുദി തുടങ്ങിയ ഹദീസ്‌ ഗ്രന്ഥങ്ങൾ വ്യക്തമാക്കുന്നുണ്ട്‌.

ന്യാ
മായ ഒരു സംശയം.

മിണ്ടാപ്രാണികളോട്‌ പോലും കാരുണ്യത്തിന്റെ കാര്യത്തിൽ ഇത്രയും വിശാലമായ ഒരു നിലപാട്‌ സ്വീകരിച്ച പ്രവാചകന്റെ ആദർശം എന്തുകൊണ്ട്‌ അവയിൽ ചിലതിന്റെ മാംശങ്ങൾ അറുത്തു ഭക്ഷിക്കാൻ അനുവാദം നൽകുന്നു? എന്ന ഒരു സംശയം പലരും ചോദിക്കുന്നുണ്ട്‌. ഉത്തരം ലളിതമാണ്‌. 'മാം
ബുക്കുകളായി മാത്രം ജീവിക്കുന്ന പരശ്ശതം ജീവ ജാലങ്ങൾ (മനുഷ്യനൊഴികെ) പ്രകൃതിയിലെ ജീവിത ചാക്രിക പ്രവാഹത്തിലെ കണ്ണികളായതു പോലെ മിശ്ര ബുക്കുകളായ മനുഷ്യരെയും മാംാഹാർത്തിൽ നിന്ന് തടഞ്ഞു നിർത്തൽ ഒരിക്കലും പ്രായോഗികമല്ല. യുക്തിക്കു നിരക്കുന്നതുമല്ല. അപ്രായോഗികവും യുക്തി രഹിതവുമായ നടപടികൾക്ക്‌ ഇസ്‌ലാം അംഗീകാരം നൽകുകയുമില്ല. അങ്ങനെ ഒരു സാഹചര്യത്തിൽ ചില നിയന്ത്രണങ്ങൾക്കു വിധേയമായി മാംാഹാരം അനുവദനീയമാണ്‌ എന്നതാണ്‌ പ്രവാചകാധ്യാപനം. വേട്ട നടത്തിയും വളർത്തിയും മനുഷ്വോൽപ്പത്തി മുതൽ മാനവ സമൂഹം മൃഗങ്ങളുടെയും മൽസ്യങ്ങളുടെയും മാംങ്ങൾ ഭക്ഷിക്കുന്നുണ്ട്‌. ജീവന്റെയും വികാരത്തിന്റെയും പ്രശ്നങ്ങളാണെങ്കിൽ ഒരർത്ഥത്തിൽ അതൊക്കെയും സസ്യങ്ങൾക്കുമില്ലേ?. നിലവിളിക്കാൻ കഴിയുന്നില്ല എന്നത്‌ അവയുടെ ന്യൂനതയാണോ. മണ്ണിന്റെ മണമില്ലാത്ത ചില അഹിംസാ വാദങ്ങൾ ഭൂമിയിൽ നില നിൽക്കാത്തതിന്റെ കാരണം അവ പ്രായോഗിക ജീവിതത്തിലെ ചില യാഥാർത്ഥ്യങ്ങളെ കണ്ടറിഞ്ഞില്ല എന്നതാണ്‌.

വിട്ടുവീഴ്ച്ച കാരുണ്യത്തിന്റെ കാണ്ഡം.

പ്രവാചകന്മാർക്കും പ്രബോധകന്മാർക്കും അത്യാവശ്യം വേണ്ട ഒരു സദ്ഗുണമാകുന്നു വിട്ടുവീഴ്ചാ മനോഭാവം. അത്‌ കാരുണ്യത്തിന്റെ കൂടപ്പിറപ്പും കൂടിയാണ്‌. പ്രതികാരവും വിദ്വേഷവും മനസ്സിലടക്കി നിർത്തുന്നവരുടെ കൂടെ അനുയായികളുണ്ടാവില്ല. ഉണ്ടായാൽ തന്നെ അവരുടെ സഹവാസത്തിന്ന് ആയുസ്സുണ്ടാവില്ല. മുഹമ്മദ്‌ നബി(സ)യെ കുറിച്ച്‌ അല്ലാഹു അവന്റെ വിശുദ്ധ ഗ്രന്ഥത്തിൽ അംഗീകാരത്തിന്റെ കയ്യൊപ്പ്‌ നൽകിയതിങ്ങനെയാണ്‌.

"അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണ്‌ താങ്കൾ അവരോട്‌ മയത്തിൽ പെരുമാറിയത്‌. താങ്കൾ പരുക്കനും കഠിന മനസ്കനുമായിരുന്നെങ്കിൽ താങ്കളുടെ ചുറ്റു നിന്നും അവരൊക്കെ പിരിഞ്ഞു പോകുമായിരുന്നു"
തുടന്നു അല്ലാഹു നബിയെ ഉപദേശിക്കുന്നതിങ്ങനെയാണ്‌.
"അതിനാൽ താങ്കളവർക്ക്‌ മാപ്പു നൽകുക. അവരുടെ പാപമോചനത്തിനായി പ്രാർത്ഥിക്കുക. കാര്യങ്ങൾ അവരുമായി കൂടിയാലോചന നടത്തുക. .. (ആലു ഇംറാൻ- 159)
അല്ലാഹുവിന്റെ ഉപദേശത്തിന്റെ രീതി ശ്രദ്ധിക്കുക. ആദ്യം തന്നെ അല്ലാഹു തിരു നബിക്ക്‌ ക്ലീൻ ചിറ്റ്‌ നൽകി. പിന്നെയും അല്ലാഹു പറയുന്നു ഇനിയും മാപ്പു നൽകേണമെന്ന്. അതായത്‌ ഭൂമിയെപ്പോൽ സഹിക്കാനും കാറ്റിനെപ്പോൽ ഉദാരനാവാനും ഉടയ തമ്പുരാൻ തന്റെ പ്രതിനിധിയോട്‌ ആവശ്യപ്പെടുന്നു. ആ മഹനീയ ജീവിതത്തിന്റെ ഓരോ താളുകളും ആയിരം നാവുകളുമായി നമ്മോടെ ചില ഉദാത്തമായ സംഭവങ്ങൾ വിവരിക്കുന്നുണ്ട്‌.

അനാഥത്വവും ദാരിദ്ര്യവും കഷ്ടപ്പാടുകളുമൊക്കെ ഉണ്ടായിരുന്നെങ്കിൽ കൂടി അവിടുത്തെ ബാല്യവും കൗമാരവും യൗവ്വനവും സമാധാന പൂർവ്വവും സ്നേഹോഷ്മളവുമായിരുന്നു. ആളുകൾ ആ ഖുറൈശി ചെറുപ്പക്കാരനെ "സത്യ സന്ധൻ" എന്ന ഓമനപ്പേരു നൽകി വിളിച്ചു. അവരുടെ തർക്കങ്ങളിൽ പോലും ആ യുവാവിന്റെ മാദ്ധ്യസ്ഥത അവർ സന്തോഷത്തോടെ സ്വീകരിച്ചു. എന്നാൽ 40 വയസ്സിൽ (എ.ഡി. 610) പ്രവാചകത്വം സിദ്ധിച്ചതോടു കൂടി അവരുടെയെല്ലാം മട്ടും ഭാവവും മാറി. കണ്ണിലുണ്ണിയായ പ്രവാചകൻ അവരുടെ കണ്ണിലെ ക്കരടായി. ഏക ദൈവത്തെ മാത്രം ആരാധിക്കണമെന്നും സാന്മാർഗിക ജീവിത രീതി സ്വീകരിക്കണമെന്നും ഉപദേഴിച്ചതായിരുന്നു അവിടുന്നു ചെയ്ത തെറ്റ്‌.
അക്കാരണത്തൽ തന്നെ മക്കാനിവാസികളായ ഖുറൈശികൾ അവിടുത്തെ ഉപദ്രവിക്കാൻ തുടങ്ങി. വളരെ നാളുകൾ പ്രബോധനം നടത്തിയിട്ടും വിരലിലെണ്ണാവുന്ന അനുയായികളെ മാത്രമേ ലഭിച്ചുള്ളൂ. ഇതു പലപ്പോഴും നബിയെ നിരാശയുടെ വക്കിൽ വരേ എത്തിച്ചു കളഞ്ഞിരുന്നു. വിശുദ്ധ ഖുർആൻ പറയുന്നതു കാണുക: "ഈ സന്ദേശത്തിൽ അവർ വിശ്വസിക്കുന്നില്ലെങ്കിൽ അവരുടെ പിറകെ കടുത്ത ദു:ഖത്തോടെ നടന്നലഞ്ഞ്‌ താങ്കൾ ജീവനൊടുക്കുമായിരുന്നു" (അൽ-കഹ്‌ഫ്‌-6) ജീവനൊടുക്കുമായിരുന്നു എന്നു പറഞ്ഞാൽ ആത്മ ഹത്യ ചെയ്യുമായിരുന്നു എന്നല്ല അർത്ഥം. ആളുകൾ സത്യ മതത്തിലേക്ക്‌ കടന്നു വരാത്തതിലുള്ള ദു:ഖ ഭാരത്താൽ താങ്കൾ ഉരുകി മരിച്ചേക്കുമെന്നാണ്‌)
ഈ ഒരു സന്ദർഭത്തിലാണ്‌ അവിടുന്ന് തന്റെ കുടുംബക്കാരെങ്കിലും വിശ്വസിക്കുമെന്ന് പ്രത്യാശിച്ചു കൊണ്ട്‌ മക്കയിൽ നിന്നും ഏകദേശം അറുപത്‌ മൈയ്‌ല്‌ ദൂരമുള്ള തായിഫിലേക്കു പോകുന്നത്‌. പക്ഷേ അവിടുന്നുള്ള അനുഭവം ഹൃദയ ഭേതകമായിരുന്നു. തന്റെ ഭൃത്യൻ സൈദുബിൻ ഹാരിസിന്റെ കൂടെ കാൽ നടയായിട്ടാണ്‌ തായിഫിലേക്ക്‌ പോയത്‌.
നാട്ടുപ്രമാണിമാരും ഗോത്രതലവന്മാരും ബന്ധുക്കളുമായ പലരെയും സമീപിച്ചെങ്കിലും ഫലം നാസ്തിയായിരുന്നു. പത്തു ദിവസത്തോളം അവിടുന്ന് തായിഫിൽ തങ്ങി. അവസാനം അന്നാട്ടുകാർ നബിതിരുമേനിയോട്‌ തായിഫ്‌ വിട്ടു പോകാൻ അന്ത്യ ശാസനം നൽകി. ആട്ടി പറഞ്ഞയക്കാൻ കുറെ ഗുണ്ടകളെയും വിട്ടു. അവർ അവിടുത്തെ അസഭ്യം പറയുകയും കല്ലെറിഞ്ഞ്‌ ഓടിക്കുകയും ചെയ്തു. നബിയുടെ ചെരിപ്പുകൾ ചോരയിൽ കുതിർന്നു. സുഹൃത്ത്‌ സൈദ്‌ തിരുമേനിയെ സംരക്ഷിക്കാൻ പരമാവധി ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. അദ്ദേഹവും തലയ്ക്ക്‌ ഏറു കൊണ്ട്‌ വീണു പോയി. അവസാനം അവർ തായിഫിൽ നിന്നു മൂന്നു മൈയ്‌ല്‌ അകലെയുള്ള ഒരു തോട്ടത്തിൽ അഭയം തേടി. ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ദുരന്തമായി പിന്നീട്‌ അവിടുന്ന് ഈ സംഭവത്തെ ഓർക്കുന്നുണ്ട്‌. ഇമാം ബുഖാരി നിവേദനം ചെയ്ത ഒരു ഹദീസിൽ ഇങ്ങനെ വായിക്കാം.
പ്രിയതമ ആയിശ (റ) ഒരിക്കൽ നബിയോട്‌ ഇങ്ങനെ ചോദിച്ചു "ഉഹ്ദിനേക്കാൾ കടുത്ത ഒരു ദിവസം താങ്കൾക്കുണ്ടായിട്ടുണ്ടോ?" അവിടുന്നപ്പോൾ തായിഫിൽ പോയ സംഭവം വിവരിച്ചു കൊടുത്തു. തുടർന്നവിടുന്നു പറയുന്നു. ... മേഘ പാളികൾക്കിടയിൽ നിന്ന് ജിബ്രീൽ എന്നെ വിളിച്ചു കൊണ്ടു പറഞ്ഞു: "മുഹമ്മദ്‌, അല്ലാഹു താങ്കളുടെ ആളുകളുടെ വാക്കുകളും പ്രതികരണങ്ങളും കേട്ടു. താങ്കളുടെ ഉത്തരവനുസരിച്ചു പ്രവർത്തിക്കാൻ അല്ലാഹു പർവ്വതങ്ങളുടെ മലക്കിനെ അയച്ചിട്ടുണ്ട്‌". ഉടനെ പർവ്വതങ്ങളുടെ മലക്ക്‌ പ്രത്യക്ഷപ്പെട്ട്‌ എന്നോട്‌ പറഞ്ഞു: "മുഹമ്മദ്‌, താങ്കൾക്കു വേണമെങ്കിൽ ആ രണ്ടു പർവ്വതങ്ങൾക്കിടയിൽ ഞാനവരെ ഞെരിച്ചമർത്തി (കൊന്നു കളയാം") - ജബൽ അബൂ ഖുബൈസും അതിനെതിർ വശത്തുള്ള പർവ്വതങ്ങളുമായിരുന്നു അവ-. അവിടന്നപ്പോൾ മറുപടി പറഞ്ഞതിപ്രകാരമാണ്‌. "പ്രതാപ ശാലിയും അഭിമാനിയുമായ അല്ലാഹു അവനെ മാത്രമാരാധിക്കുകയും മറ്റൊന്നിനേയും അവനിൽ പങ്കു ചേർക്കാതിരിക്കുകയും ചെയ്യുന്ന ഒരു വിഭാഗത്തെ അവരുടെ ബീജങ്ങളിലൂടെ പുറത്തു കൊണ്ടു വന്നേക്കാം"

കാരുണ്യത്തിന്റെ മഹാസമുദ്രം.

ഇതു പോലെയുള്ള വിട്ടു വീഴ്ചകളുടെ മഹാ മാതൃകകൾ തിരുനബിയുടെ ജീവിതത്തിൽ എമ്പാടും കാണാം. പിറന്നു വീണ നാട്ടിൽ നീണ്ട പതിമൂന്നു വർഷം അനുഭവിക്കേണ്ടി വന്ന താഢനകളും പീഡനങ്ങളും - അതിൽ തന്നെ മൂന്നു വർഷം പച്ചിലകളും തോലിൻ കഷണങ്ങളും തിന്ന് നരക യാതനയിൽ കഴിയേണ്ടി വന്ന ശിഅബ്‌ അബൂതാലിബ്‌ മലംചെരുവിലെ ജീവിതം. അതിനെല്ലാം ഒടുവിൽ എല്ലാം വിട്ടെറിഞ്ഞ്‌ പലായനം ചെയ്യേണ്ടി വന്ന സന്ദർഭം, അവിടെയും സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കാതെയുള്ള തുടർച്ചയായ പോരാട്ടങ്ങൾ, അവയിലൊക്കെയും പൊലിഞ്ഞു പോയ ഉറ്റവരുടെയും ഉടയവരുടെയും ജീവനുകൾ, എല്ലാ കടമ്പകൾക്കും സാഹസങ്ങൾക്കുമൊടുവിൽ വിജിഗീഷുവായി മക്കയിൽ തിരിച്ചെത്തിയ നിമിഷങ്ങൾ!! മക്കാനിവാസികൾക്ക്‌ ലോകം മൊത്തവും കുടുസ്സായി അനുഭവപ്പെടുകയും അവർ എലിക്കുഞ്ഞുങ്ങളെപോലെ വിറ കൊള്ളുകയും ചെയ്ത അവസരം - അതായത്‌ മക്കാ വിജയത്തിന്റെ ദിവസം- സർവ്വ ലോക കാരുണ്യത്തിന്റെ മൂർത്തീമത്‌ഭാവമായ നബി തിരുമേനി ചോദിച്ച ഒരു ചോദ്യമുണ്ട്‌; "ഞാൻ നിങ്ങളെ എന്തു ചെയ്യുമെന്നാണ്‌ നിങ്ങൾ കരുതുന്നത്‌?" അവർ പറഞ്ഞു: "നല്ലതു മാത്രം... അങ്ങു മാന്യനായ സഹോദരൻ.. മാന്യനായ സഹോദരന്റെ മകൻ.." അപ്പോൾ തിരുനബി അവരോട്‌ പറഞ്ഞത്‌ യൂസുഫ്‌ നബി തന്റെ സഹോദരങ്ങളോട്‌ പറഞ്ഞ വാചകമായിരുന്നു. "ഇന്ന് നിങ്ങൾക്കെതിരിൽ പ്രതികാര നടപടികളൊന്നുമില്ല, അല്ലാഹു നിങ്ങൾക്കെല്ലാം പൊറുത്തു തരട്ടെ, അവൻ കരുണ ചെയ്യുന്നവരിൽ ഏറ്റവും വലിയ കാരുണ്യവാനാണ്‌" (സൂറ- യൂസുഫ്‌)

തന്റെ പ്രിയപ്പെട്ട പിതൃ സഹോദരൻ ഹംശ (റ)നെ ചതിച്ചു കൊന്ന വഹ്ശിക്കും, അദ്ദേഹത്തിന്റെ കരൾ ചവച്ചു തുപ്പുകയും തലയോട്ടിയിൽ മദ്യം പാർന്ന് നൃത്തം ചെയ്യുകയും ചെയ്ത ഹിന്ദിനും ആക്ഷേപ ഹാസ്യങ്ങളെഴുതിയതിന്‌ വധ ശിക്ഷ പുറപ്പെടുവിച്ച കഅബിനും അവിടുന്നു മാപ്പു കൊടുക്കുകയും പ്രസ്ഥാനത്തിലേക്ക്‌ സ്വീകരിച്ചാനയിക്കുകയും ചെയ്തു എന്നു കൂടി കേൾക്കുമ്പോൾ ആ മനസ്സ്‌ എത്ര വിശാലമാണെന്ന് നമുക്ക്‌ മനസ്സിലാവും.

ഉറ്റവർ മരണപ്പെടുപ്പുമ്പോൾ കരഞ്ഞു ബഹളം വെക്കരുതെന്ന് പഠിപ്പിച്ച പ്രവാചകൻ തന്റെ ചോരക്കുഞ്ഞു മരിച്ചെന്നു കേട്ടപ്പോൾ കണ്ണീർ വാർക്കുന്നതു കണ്ട സഹാബി അവിടുത്തോട്‌ ചോദിച്ചത്രെ; ഓ, പ്രവാചകരേ, ഇതെന്താണിങ്ങനെ?. അവിടുന്നപ്പോൾ പറഞ്ഞു "ഇതാകുന്നു അല്ലാഹു തന്റെ അടിയാറുകളിൽ നിക്ഷേപിക്കുന്ന കാരുണ്യം.
ബന്ധനസ്ഥനാക്കപ്പെട്ട തടവുകാരന്റെ തേങ്ങൽ കേട്ട്‌ സഹിക്കാൻ കഴിയാതെ കെട്ടഴിച്ചു വിടാൻ ഉപദേശിച്ച പടത്തലവൻ, മാതാവിന്റെ കബറിടം സന്ദർശിച്ച്‌ വിങ്ങിപ്പൊട്ടുന്ന പുത്രൻ, കെട്ടിച്ചു പറഞ്ഞയക്കപ്പെട്ട മകളുടെ വിയോഗം സഹിക്ക വയ്യാഞ്ഞ്‌ മരുമകന്റെ വീട്ടിലേക്ക്‌ അന്വേഷിച്ചു ചെല്ലുന്ന പിതാവ്‌, കൊല്ലപ്പെട്ട ഭടന്മാരുടെ വീട്ടിൽ ചെന്ന് മക്കളെയും ഭാര്യമാരെയും സാന്ത്വനിപ്പിക്കുന്ന ഭരണാധികാരി, അയൽ വാശി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചുണ്ണുന്നവൻ നമ്മിൽ പെട്ടവനല്ലെന്നും അനാഥനെ സംരക്ഷിക്കുന്നവൻ സ്വർഗ്ഗത്തിൽ തന്റെ കൂടെയാണെന്നും പ്രഖ്യാപിച്ച സാധു സംരക്ഷകൻ.... കാരുണ്യത്തിന്റെ ആ തൂവൽ സ്പർശം സംഭവിക്കാത്ത ഒരു മേഖലയും ഉലകത്തിലില്ല. അതു കൊണ്ടു തന്നെയാവണം അല്ലാഹു അവിടുത്തെ പറ്റി ഇങ്ങനെ പുകഴ്ത്തിയത്‌:
"സർവ്വ ലോകത്തിനും അനുഗ്രഹമായിട്ടാണ്‌ താങ്കളെ നാം നിയോഗിച്ചത്‌" (ഖുർആൻ, 21-107)

കാരുണ്യവും യുദ്ധവും

സ്നേഹത്തെ ക്കുറിച്ചും ജീവ കാരുണ്യ പ്രവർത്തനങ്ങളെ ക്കുറിച്ചും ഏറെ പ്രതിപാദിക്കുന്ന ഇസ്ലാമും പ്രവാചകനും യുദ്ധത്തിന്റെ ഭാഷയിലും സംശാരിക്കുന്നത്‌ വ്യാപകമായ തെറ്റുധാരണകൾക്ക്‌ കാരണമായിട്ടുണ്ട്‌. ഇതൊരു വിധി വൈപരീത്യമല്ലേ എന്നും ചിലരൊക്കെ സംശയിക്കുന്നുമുണ്ട്‌. ഇത്‌ വസ്തുതകളെക്കുറിച്ച്‌ മനസ്സിലാക്കാതെയുള്ള വിലയിരുത്തലുകളാണെന്ന് ഇസ്ലാമിന്റെ യുദ്ധ കാണ്ഡം പടന വിധേയമാക്കിയാൽ നമുക്ക്‌ മനസ്സിലാക്കാൻ കഴിയും.
ഇസ്ലാം എല്ലാ അർത്ഥത്തിലും സജീവമായ ഒരു ജീവിത വ്യവസ്ഥിതിയാണ്‌. അതായത്‌ സമഗ്രമായ ഒരു ഭരണ സംവിധാനം. അതിൻ വ്യക്തമായ സിവിൽ-ക്രിമിനൽ നിയമങ്ങളും ചട്ടങ്ങളുമുണ്ട്‌. മറ്റേതൊരു രാഷ്ട്രീയ വ്യവസ്ഥിതികൾ പോലെ ഈ പ്രസ്ഥാനത്തിനും അതിന്റെ നിയമങ്ങൾ നടപ്പിൽ വരുത്താനും സംരക്ഷിക്കാനും സൈനിക ശക്തി അത്യാവശ്യമാണ്‌. പട്ടാളമില്ലാത്ത ഏത്‌ രാഷ്ട്രമാണ്‌ ഇന്നു ലോകത്തുള്ളത്‌. പട്ടാളമില്ലാത്തിടത്ത്‌ പോലിസ്‌ പട്ടാളത്തിന്റെ ധർമ്മം നിർവ്വഹിക്കുന്നു. അതിരുകളില്ലാത്ത രാജ്യം എന്നത്‌ സ്വപ്നത്തിൽ മാത്രമേ യാഥാർത്ഥ്യമായിട്ടുള്ളൂ. കൂടാതെ ലോകത്തിൽ പല രാഷ്ട്രങ്ങളിലും സൈനിക സേവനം നിർബന്ധവുമാണ്‌. അല്ലാത്തിടത്ത്‌ ജനങ്ങൾ പലരും സ്വയേഷ്ടപ്രകാരം സൈന്യത്തിൽ ചേരുന്നു. പട്ടാളത്തിന്റെ ഉത്തരവാദിത്യം ഭരണ കൂടം ആവശ്യപ്പെടുന്നിടത്ത്‌ ആയുധം എടുക്കുക എന്നതാണ്‌. ഇങ്ങനെ ആയുധം എടുക്കുന്നവർ ശത്രുവിനെ പരിക്കേൽപ്പിക്കുകയും വധിക്കുകയും ചെയ്യുന്നു. അത്‌ അവരുടെ ധർമ്മമാണ്‌. ആ ധാർമ്മിക ഉത്തരവാദിത്വത്തെ ബുദ്ധിയുള്ളവർ ആരും വിമർശിക്കുന്നതല്ല. അതിനാൽ ഇസ്ലാമിനെ മാത്രം ജിഹാദിന്റെ പേരിൽ വിമർശിക്കുന്നത്‌ നീതിയല്ല. ജിഹാദിന്റെ പേരിൽ ആരെങ്കിലും അനീതിയും അക്രമവും നടത്തുന്നുണ്ടെങ്കിൽ ഇസ്ലാം അതിനുത്തരവാദിയും അല്ല.
നിസ്കാരം നിർബന്ധമാണ്‌, നോമ്പ്‌ നിൻബന്ധമാണ്‌ എന്നു പറഞ്ഞതു പോലെ സൈനിക സേവനവും നിർബന്ധമാണെന്ന് പറഞ്ഞിട്ടുണ്ട്‌. അതിന്റെ പരിണിത ഫലവും ഖുര്ർആൻ പ്രഖ്യാപിക്കുന്നു.
"യുദ്ധം നിങ്ങൾക്ക്‌ നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. അതാകട്ടെ നിങ്ങൾക്ക്‌ വെറുപ്പുള്ള സംഗതിയുമാണ്‌. എന്നാൽ നിങ്ങൾക്ക്‌ വെറുപ്പുള്ളത്‌ നിങ്ങൾക്ക്‌ നല്ലതായി ഭവിച്ചേക്കാം, നിങ്ങൾ ഇഷ്ടപ്പെടുന്നതോ നിങ്ങൾക്ക്‌ ദോഷകരമായും തീർന്നേക്കാം. അല്ലാഹും(എല്ലാം) അറിയുന്നു. നിങ്ങൾ (എല്ലാം) അറിയുന്നില്ല" (അൽ-ബഖറ-216)

ഇസ്ലാമിലെ യുദ്ധം നിങ്ങൾക്ക്‌ നല്ലതിനാണെന്നാണ്‌ ഖുർആന്റെ അധ്യാപനം. അതു നമ്മൾക്ക്‌ മനസ്സിലായിട്ടില്ലെങ്കിൽ അതു നമ്മുടെ വിവരക്കേടു കൊണ്ടാണെന്ന് സർവ്വജ്ഞനായ അല്ലാഹു ഓർമ്മിപ്പിക്കുന്നു.
ഇങ്ങനെയുള്ള യുദ്ധത്തിൽ പോലും അക്രമം കാണിക്കാതിരിക്കാനും സഹിഷ്ണുത പുലർത്താനും കാരുണ്യത്തിന്റെ പ്രവാചകൻ ഉപദേശിക്കുന്നുണ്ട്‌. താൻ എന്തിനു പൊരുതുന്നെന്ന് യോദ്ധാക്കളും തങ്ങൾ എന്തിനു കൊല്ലപ്പെടുന്നെന്ന് യുദ്ധ ബാധിതരും അറിയാത്ത ആധുനിക ലോകത്ത്‌ ഇത്തരം വചനങ്ങൾക്ക്‌ കൂടുതൽ പ്രസക്തിയുണ്ട്‌.

ഏതൊരു സൈന്യത്തെ അയക്കുമ്പോഴും തിരുനബി ഇങ്ങനെ ഉപദേശിക്കാറുണ്ടായിരുന്നത്രെ: "അല്ലാഹുവിന്റെ നാമത്തിൽ പുറപ്പെടുവിൻ, ദൈവ നിഷേധികളോട്‌ നിങ്ങൾ പൊരുതുവിൻ, ആരെയും വഞ്ചിക്കരുത്‌, ചതിക്കരുത്‌, (മൃത ശരീരങ്ങളിൽ) അംഗ ഭംഗം വരുത്തരുത്‌, കുട്ടികളെയും മടങ്ങളിലെ അന്തേവാസികളെയും കൊല്ലരുത്‌" (അഹ്‌മദ്‌) അബൂദാവൂദ്‌ നിവേദനം ചെയ്ത ഹദീസിൽ പടുവൃദ്ധരെയും സ്ത്രീകളെയും കൊല്ലരുത്‌ എന്നുമുണ്ട്‌.
ഒരിക്കൽ പ്രവാചകരുടെ പക്കൽ ആരോ വന്ന് അവിശ്വാസികൾക്കെതിരെ പ്രാർത്തിക്കണമെന്ന് അഭ്യർത്ഥിച്ചു. അവിടന്നപ്പോൽ പറഞ്ഞത്‌ "ഞാൻ നിയോഗിക്കപ്പെട്ടത്‌ എല്ലാറ്റിനേയും പ്രാകാനല്ല, കാരുണ്യമായിട്ടാണ്‌" എന്നാണ്‌.
മുസ്ലിംകളുമായി സന്ധിയിലേർപ്പെട്ടിരിക്കുന്ന മറ്റു മതസ്ഥരെ ഉപദ്രവിക്കുന്നവർക്കെതിരെയും പ്രവാചകർ കടുത്ത ഭാഷയിൽ പ്രതികരിച്ചിട്ടുണ്ട്‌. അവിടുന്നു പറഞ്ഞു: "ഉടമ്പടിക്കാരനെ വധിച്ചവന്‌ സ്വർഗ്ഗത്തിന്റെ വാസന പോലും ലഭിക്കില്ല. സ്വർഗ്ഗത്തിന്റെ വാസനയാണെങ്കിൽ 40 വർഷത്തെ ദൂരം വരെ എത്തുന്നതാണ്‌.
മറ്റൊരു ഹദീസിൽ അവിടുന്ന് ഇങ്ങനെ അരുളി "അറിയുക, ഉടമ്പടിക്കാരനെ അക്രമിക്കുകയോ, പിടിച്ചു പറിക്കുകയോ, കഴിവനതീതമായി പ്രവർത്തിക്കാൻ നിർബന്ധിക്കുകയോ, അവന്റെ മന:സംത്രിപ്തിയോടെയല്ലാതെ അവന്റെ പക്കൽ നിന്നും വല്ലതും വസൂലാക്കുകയോ, ചെയ്താൽ അവർക്കെതിരെ ഞാൻ പരലോകത്ത്‌ സാക്ഷി നിൽക്കും.(അബൂ ദാവൂദ്‌)
വർഗ്ഗീയ വംശീയ രാഷ്ടീയ സംഘട്ടനങ്ങളാൽ സംങ്കീർണ്ണമായ ആധു നിക ലോകത്തിന്‌
നൽകാനുള്ള നബി വചന ാണ്‌ "പരസ്പരം കരുണ ചെയ്യുന്നവർക്ക്‌ കാരുണ്യവാൻ കരുണ ചെയ്തു കൊടുക്കും, നിങ്ങൾ ഭൂമിയുലുള്ളവരോട്‌ മുഴുവൻ കരുണ ചെയ്യുവിൻ, എന്നാൽ ആകാശത്തുള്ളവർ നിങ്ങളോട്‌ കരുണ ചെയ്യും".(തിർമുദി)