Sunday, October 3, 2010

തിരുനബി വചനങ്ങൾ - 5

  1. നിശ്ചയം കർമ്മങ്ങൾ കരുത്തുകൾ കൊണ്ടു മാത്രമാകുന്നു. ഓരോ മനുഷ്യനും അവൻ കരുതിയത് ലഭിക്കും. ഒരാളുടെ പലായനം അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കുമായാൽ അവന്റെ പലായനം അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും തന്നെയായിരിക്കും. ഒരാളുടെ പലായനം ലഭിക്കാനിരിക്കുന്ന ദുനിയാവിലേക്കോ കെട്ടാൻ പോകുന്ന പെണ്ണിലേക്കോ ആണെങ്കിൽ അവന്റെ പലായനം അതു രണ്ടിലേക്കും തന്നെയായിരിക്കും.(ബുഖാരി, മുസ്‌ലിം)
  2. പ്രവാചകന്മാരുടെ ആദ്യ കാലം ദിവ്യബോധനത്തിൽ നിന്നും അവസാനമായി ജനങ്ങൾക്കു ലഭിച്ചത് ‘ഉളുപ്പില്ലെങ്കിൽ നിനക്കു തോന്നിയതൊക്കെ ചെയ്തോളൂ’ എന്നായിരുന്നു.(ഇബ്നു അസാകിർ)
  3. മതത്തിന്റെ ദുരന്തം മൂന്നു പേരാകുന്നു: തെമ്മാടിയായ പണ്ഡിതൻ, അക്രമിയായ ഭരണാധികാരി, വിവരകെട്ട ഗവേഷകൻ.(ദൈലമി)
  4. ജ്ഞാനത്തിന്റെ ദുരന്തം മറവിയും ജ്ഞാനത്തിന്റെ നഷ്ടം അനർഹരായവരോടതു പറയലുമാകുന്നു. (ഇബ്നു അബീ ശൈബ)
  5. കപട വിശ്വാസിയുടെ ലക്ഷണം: നാവെടുത്താൽ കളവു പറയുക, വാക്കു പറഞ്ഞാൽ ലംഘിക്കുക, വിശ്വസിച്ചാൽ വഞ്ചിക്കുക (എന്നിവയാണ്‌) - (ബുഖാരി, മുസ്ലിം, തിർമുദി, നിസാഇ).
  6. നമ്മുടെയും കപട വിശ്വാസികളുടെയുമിടയിലുള്ള അടയാളം: ഇശാ നിസ്കാരത്തിനും സുബഹി നിസ്കാരത്തിനും സംബന്ധിക്കുക എന്നതാണ്‌. അവർക്കിതു രണ്ടിനും സാധിക്കില്ല. - (സുനൻ സഈദുബ്നു മൻസൂർ.
  7. നല്ല കാര്യം ചെയ്യുക, മോശം കാര്യം ചെയ്യാതിരിക്കുക. ആളുകൾക്കിടയിൽ നിൽക്കുമ്പോൾ, നിന്റെ കാതുകളെ അത്ഭുതപ്പെടുത്തുന്നതെന്താണോ അവർ നിന്നെപ്പറ്റി പറയാൻ നീ ആഗ്രഹിക്കുന്നത് എന്നു നോക്കി അത്തരം കാര്യങ്ങൾ ചെയ്യുക. അവർക്കിടയിലാവുമ്പോൾ അവരെന്താണോ നിന്നെക്കുറിച്ച് പറയാൻ നീ ആഗ്രഹിക്കാത്തത് അത്തരം കാര്യങ്ങൾ ചെയ്യാതെയുമിരിക്കുക. (ബൈഹഖി)
  8. നിന്റെ ‘കൃഷിയിടത്തിൽ’ നിനക്കു തോന്നുമ്പോഴൊക്കെ കടന്നു ചെല്ലാം. നീ ഭക്ഷിക്കുമ്പോൾ അവൾക്കും ഭക്ഷണം നൽകുക. നീ അണിയുമ്പോൾ അവളെയും അണിയിക്കുക. മുഖം ചുളിക്കരുത്, അടിക്കുകയും ചെയ്യരുത്. (അബൂ ദാവൂദ്)
  9. ക്ഷണിച്ചാൽ ക്ഷണം സ്വീകരിച്ച് ചെല്ലണം. (മുസ്‌ലിം)
  10. ഒലീവെണ്ണ കൊണ്ടു പാകം ചെയ്യുക. അതു കൊണ്ട് എണ്ണപുരട്ടുകയും ചെയ്യുക. വിശുദ്ധമായ ഒരു വൃക്ഷത്തിൽ നിന്നാണ്‌ അതു പുറത്തു വരുന്നത്. (ബൈഹഖി)
  11. വിശ്വാസിയുടെ കൊലയാളിക്ക് അല്ലാഹു പാപമോചനം നിഷേധിച്ചിരിക്കുന്നു. (ത്വബ്‌റാനി)
  12. പുത്തൻ വാദമുപേക്ഷിക്കുന്നതു വരേ പുത്തനാശയക്കാരന്റെ കർമ്മം സ്വീകരിക്കാൻ അല്ലാഹു വിസമ്മതിക്കുന്നതാണ്‌. (ഇബ്‌നു മാജ)
  13. നിന്നോട് അവിവേകം കാണിച്ചവനോട് അനുകമ്പ ചൊരിഞ്ഞും നിനക്കു തരാത്തവന്‌ അങ്ങോട്ട് കൊടുത്തും നീ അല്ലാഹുവിന്റെ പക്കൽ നിന്നും ഔന്നിത്യം തേടുക. (ഇബ്നു അദിയ്യ്)
  14. ദാനം ആദ്യം നിന്നിൽ നിന്നു തന്നെ തുടങ്ങുക. അതിനു ശേഷം വല്ലതും ബാക്കി വന്നാൽ അതു നിന്റെ കുടുംബത്തിനു നല്കുക. അവർക്കു കൊടുത്ത ശേഷവും വല്ലതും ബാക്കി വന്നാൽ തൊട്ടടുത്ത കുടുംബത്തിനു കൊടുക്കുക. അവർക്കു കൊടുത്തിട്ടും ബാക്കി വന്നാൽ പിന്നെ അതിനടുത്ത്.. അങ്ങനെ അങ്ങനെ...(മറ്റുള്ളവർക്കും കൊടുക്കുക.) - (നിസാഇ)
  15. അടിമകളിൽ അല്ലാഹുവിന്‌ ഏറ്റവും വെറുപ്പുള്ളത് സ്വന്തം കർമ്മങ്ങളേക്കാൾ വസ്ത്രം ഉഷാറായ ആളോടാണ്‌; അവന്റെ വസ്ത്രം പ്രവാചകന്മാരുടേത്, കർമ്മമോ പോക്കിരിമാരുടേതും.(ഉഖൈലി ഫി ദുഅഫാഅ്)
  16. ദുർബ്ബലരുടെയിടയിൽ എന്നെ നിങ്ങൾ അന്വേഷിക്കുക. നിശ്ചയം നിങ്ങൾക്ക് അന്നവും സഹായവും ലഭിക്കുന്നത് നിങ്ങളിലെ ദുർബ്ബലരെക്കൊണ്ടാണ്‌.
  17. സ്വന്തമായി (അധികാരികളുടെ) ശ്രദ്ധയിൽ പെടുത്താൻ കഴിയാത്തവരുടെ ആവശ്യങ്ങൾ നിങ്ങൾ അവരുടെ ശ്രദ്ധയിൽ പെടുത്തിക്കൊടുക്കുക. അവർക്ക് എത്തിക്കാൻ കഴിയാത്ത ആവശ്യങ്ങൾ ഒരാൾ എത്തിച്ചു കൊടുത്താൽ പരലോകത്ത് സ്വിറാത്തി(പാലത്തി)നു മുകളിൽ അവന്റെ രണ്ടു കാലുകളും അല്ലാഹു ഉറപ്പിച്ചു നിർത്തും (ത്വബ്‌റാനി).
  18. മനുഷ്യാ നീ നിന്റെ നാഥനെ അനുസരിക്കുക; എന്നാൽ നിന്റെ പേർ ബുദ്ധിമാൻ എന്നായിരിക്കും. നീ അവനോട് അനുസരണക്കേടു കാണിക്കാതിരിക്കുക. (അനുസരണക്കേടു കാണിച്ചാൽ) നിന്റെ പേര്‌ വിഡ്ഢി എന്നായിരിക്കും (അബൂ നഈം)
  19. ഭക്ഷണം തണുക്കാൻ വെക്കുക, പൊള്ളുന്ന ഭക്ഷണത്തിൽ ബറകത്ത് ഉണ്ടാവില്ല.(ബുഖാരി, മുസ്ലിം)
  20. അനുവദനീയമായ കാര്യങ്ങളിൽ അല്ലാഹുവിന്‌ ഏറ്റവും വെറുപ്പുള്ള സംഗതിയാണ്‌ വിവാഹ മോചനം.
  21. പള്ളികൾ പണിയുക, പള്ളികളിൽ നിന്നും മാലിന്യം പുറത്തു കളയുക. അല്ലാഹുവിനായി ഒരാൾ ഒരു പള്ളി നിർമ്മിച്ചാൽ അല്ലാഹു അവന്‌ സ്വർഗ്ഗത്തിൽ ഒരു ഭവനം നിർമ്മിച്ചു നൽകും. പള്ളികളിൽ നിന്നും മാലിന്യം നീക്കൽ ഹൂറികളുടെ വിവാഹ മൂല്യമാകുന്നു.
  22. മനുഷ്യ പുത്രാ, നിനക്കു മതിയായത് നിന്റെ പക്കലുണ്ട്. നീയാണെങ്കിലോ നിന്നെ പരാക്രമിയാക്കുന്ന സംഗതികളെയാണ്‌ അന്വേഷിക്കുന്നത്. മനുഷ്യ പുത്രാ, കുറഞ്ഞതു കൊണ്ട് നീ തൃപ്തനാകുന്നില്ല. കൂടുതലായി കിട്ടിയിട്ടും നിനക്കു വയറു നിറയുന്നുമില്ല. മനുഷ്യ പുത്രാ, നേരം പുലരുമ്പോൾ തടിക്കു സുഖവും വീട്ടിൽ സുരക്ഷിതത്വവും അന്നത്തെ ഭക്ഷണവും നിന്റെ പക്കലുണ്ടെങ്കിൽ ദുനിയാവിൽ നിനക്കു വേണ്ടതെല്ലാമായി. (ഇബ്നു അദിയ്യ്, ബൈഹഖി)
  23. ജിബ്രീൽ എന്റെയടുത്ത് വന്നു കൊണ്ട് പറഞ്ഞു: ‘ഓ മുഹമ്മദ്, താങ്കൾ ആഗ്രഹിക്കുന്നിടത്തോളം ജീവിച്ചോളൂ; താങ്കൾ ജഢമാകുന്നു. താങ്കൾ ആഗ്രഹിക്കുന്നവനെയൊക്കെ സ്നേഹിച്ചോളൂ; താങ്കൾ അവനോട് വിട പറയുന്നവനാണ്‌. ആഗ്രഹിക്കുന്ന കർമ്മങ്ങളൊക്കെ ചെയ്തോളൂ. ഏതിനും താങ്കൾക്ക് പ്രതിഫലം ലഭിക്കും. അറിയുക; ഒരു വിശ്വാസിയുടെ പ്രതാപം രാത്രിയിലുള്ള അവന്റെ നിസ്കാരമാകുന്നു. അവന്റെ അഭിമാനമോ പരാശ്രയ രാഹിത്യവും. (ഹാകിം, ബൈഹഖി)
  24. അല്ലാഹുവിന്റെ അടുക്കൽ നിന്നും ഒരാൾ എന്റെയടുത്ത് വന്നിട്ട് എന്റെ സമുദായത്തിലെ പകുതി പേരെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കാം അല്ലെങ്കിൽ ശിപാർശക്കധികാരം നല്കാം എന്നീ രണ്ടു കാര്യങ്ങളിൽ ഒന്ന് തിരഞ്ഞെടുക്കാൻ എനിക്ക് സ്വാതന്ത്ര്യം തന്നു. ഞാൻ ശിപാർശയെ തിരഞ്ഞെടുത്തു. അല്ലാഹുവിൽ ഒന്നിനേയും പങ്കു ചേർക്കാതെ മരിക്കുന്നവർക്കാകുന്നു ആ (ശിപാർശ) ലഭിക്കുക. (അഹ്‌മദി, തിർമുദി, ബൈഹഖി).

Monday, February 15, 2010

തിരുനബി വചനം - 4


മുഹമ്മദ്‌ നബിയുടെ നീതി പീഠം

ഞാൻ ഒരു മനുഷ്യനാകുന്നു. തർക്കങ്ങളുമായി നിങ്ങളെന്നെ സമീപിക്കുന്നു. നിങ്ങളിൽ ചിലർ മറ്റുള്ളവനേക്കാൾ തന്റെ വാദമുഖങ്ങൾ സമർത്ഥിക്കാൻ മിടുക്കന്മാരായിരിക്കും. അങ്ങനെ ഒരാൾക്ക്‌ ഞാൻ അവന്റെ സഹോദരന്റെ അവകാശം വിധിച്ചു നൽകിപ്പോയാൽ അവനതു സ്വീകരിക്കരുത്‌. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഞാനവനു മുറിച്ചു നൽകുന്നത്‌ നരകത്തിന്റെ ഒരു കഷണമയിരിക്കും. (ബുഖാരി)

സ്വപ്നം

ഇഷ്ടപ്പെട്ട ഒരു സ്വപ്നം നിങ്ങളിലൊരാൾ കണ്ടാൽ അത്‌ അല്ലാഹുവിൽ നിന്നാകുന്നു; അതവന്‌ പുറത്തു പറയുകയും ചെയ്യാം. അങ്ങനെയല്ലാത്ത വെറുക്കുന്ന സ്വപ്നം കണ്ടാൽ അത്‌ പിശാചിൽ നിന്നുള്ളതാകുന്നു. അതിന്റെ ഉപദ്രവത്തിൽ നിന്നും രക്ഷ നേടാൻ അവൻ പ്രാർത്ഥിക്കട്ടെ. അതാരോടും പറയാതിരിക്കുകയും ചെയ്യട്ടെ. എന്നാൽ അതവന്‌ ഒരുപദ്രവവും ചെയ്യില്ല. (ബുഖാരി)

ദാനം തിരിച്ചുവാങ്ങൽ

ദാനമായി നൽകിയത്‌ തിരിച്ചു വാങ്ങുന്നവൻ ശർദ്ദിച്ചത്‌ വീണ്ടും തിന്നുന്ന പട്ടിയെപ്പോലെയാണ്‌. മോശമായ ഉപമകൾ നമുക്ക്‌ പറ്റിയതല്ല.(ബുഖാരി)

കല്ല്യാണവും സമ്മതവും

സമ്മതം വാങ്ങാതെ വിധവയെ കല്യാണം കഴിച്ചു കൊടുക്കരുത്‌, സമ്മതം ചോദിക്കാതെ കന്യകയേയും. അവർ ചോദിച്ചു: "അവളുടെ സമ്മതം എങ്ങനെയാണ്‌?" അവിടുന്നു പറഞ്ഞു: "അവളുടെ മൗനം തന്നെ". (ബുഖാരി)

അക്രമം

അക്രമിയാകുമ്പോഴും അക്രമിക്കപ്പെടുമ്പോഴും നിന്റെ സഹോദരനെ നീ സഹായിക്കണം. അപ്പോൾ ഒരാൾ ചോദിച്ചു: "അക്രമിക്കപ്പെടുമ്പോൾ എനിക്കയാളെ സഹായിക്കാൻ കഴിയും. അക്രമിയാണെങ്കിൽ ഞാനെങ്ങണെയാണ്‌ സഹായിക്കേണ്ടതെന്ന് പറഞ്ഞു തന്നാലും". അവിടുന്ന് പറഞ്ഞു: "അവനെ അക്രമപ്രവർത്തനങ്ങളിൽ നിന്നും വിലക്കുക അല്ലെങ്കിൽ അതിൽ നിന്നും തടയുക. അതാകുന്നു അവനുള്ള സഹായം. (ബുഖാരി)

സാഹോദര്യം

ഒരു വിശ്വാസി മറ്റൊരു വിശ്വാസിയുടെ സഹോദരനാണ്‌. അവനെ കയ്യേറ്റം ചെയ്യരുത്‌. അവനെ പിടിച്ചു കൊടുക്കുകയും ചെയ്യരുത്‌. ഒരാൾ തന്റെ സഹോദരന്റെ ആവശ്യങ്ങൾ സാധിപ്പിച്ചു കൊടുത്താൽ അല്ലാഹു അവന്റെ ആവശ്യങ്ങൾ സാധിപ്പിച്ചു കൊടുക്കും.(ബുഖാരി)

വിശ്വാസത്തിന്റെ മധുരം

മൂന്നു കാര്യങ്ങൾ ഒരാളിലുണ്ടായാൽ അവന്‌ വിശ്വാസത്തിന്റെ മാധുര്യം ലഭിക്കുന്നതാണ്‌. അല്ലാഹുവും അവന്റെ പ്രവാചകനും മറ്റെന്തിനേക്കാളും അവനു പ്രിയപ്പെട്ടതാവുക, അല്ലാഹുവിനു വേണ്ടി മാത്രം മറ്റൊരാളെ സ്നേഹിക്കുക, ദൈവ നിഷേധത്തിലേക്കു മടങ്ങിപ്പോകുന്നത്‌ അഗ്നിയിലേക്ക്‌ തള്ളിയിടപ്പെടുന്നത്‌ എങ്ങിനെ വെറുക്കുന്നുവോ അതുപോലെ വെറുക്കുക (എന്നിവയാണ്‌ ആ മൂന്നു കാര്യം) (ബുഖാരി)

കൊടും പാതകങ്ങൾ

ഏറ്റവും വലിയ പാപം അല്ലഹുവിൽ പങ്കു ചേർക്കലും, മാതാപിതാക്കളെ ഉപദ്രവിക്കലും, കള്ള സാക്ഷ്യം നടത്തലുമാണ്‌ (കള്ള സാക്ഷ്യം നടത്തുക എന്നത്‌) മൂന്നു പ്രാവശ്യം അവിടുന്നു പറഞ്ഞു. അല്ലെങ്കിൽ കള്ള സാക്ഷി പറയുക എന്നാണു പറഞ്ഞത്‌. അവിടുന്ന് സംസാരം നിർത്തിയിരുന്നെങ്കിൽ എന്ന് ഞങ്ങൾ പറയുവോളം വീണ്ടും വീണ്ടും അതു പറഞ്ഞു കൊണ്ടേയിരുന്നു.(ബുഖാരി)

മത സൗഹാർദ്ദം

സന്ധിയിലേർപ്പെട്ടിരിക്കുന്നവനെ കൊല്ലുന്നവന്‌ സ്വർഗ്ഗത്തിന്റെ വാസന പോലും ലഭിക്കില്ല. സ്വർഗ്ഗത്തിന്റെ വാസനയാണെങ്കിലോ നാൽപ്പതു വർഷത്തെ വഴിദൂരം വരേയുത്തുന്നതാണ്‌.(ബുഖാരി)

ഒളിഞ്ഞു നോട്ടം

നിന്റെ സമ്മതം കൂടാതെ നിന്റെ വീട്ടിലേക്ക്‌ ഒരാൾ എത്തിനോക്കുകയും നീ ഒരു കല്ലെടുത്തെറിഞ്ഞ്‌ അയാളുടെ കണ്ണു പൊട്ടിക്കുകയും ചെയ്താലും നിനക്കു കുറ്റമില്ല.(ബുഖാരി)

കൊലപാതകം

വിശ്വാസികൾ വാളുമേന്തി പരസ്പരം ഏറ്റുമുട്ടിയാൽ കൊന്നവനും കൊല്ലപ്പെട്ടവനും നരകത്തിലാകുന്നു. ഞാൻ ചോദിച്ചു: "അല്ലാഹുവിന്റെ പ്രവാചകരേ, കൊലയാളി(ശിക്ഷയർഹിക്കുന്നു) എന്നാൽ കൊല്ലപ്പെട്ടവന്റെ സ്ഥിതിയോ?" അവിടുന്നരുൾ ചെയ്തു: "അവൻ തന്റെ കൂട്ടുകാരനെ കൊല്ലാൻ അതിയായി ആഗ്രഹിച്ചിരുന്നു".(ബുഖാരി)

അന്ത്യ നാളിന്റെ അടയാളങ്ങൾ

അന്ത്യനാളിന്റെ ലക്ഷണങ്ങളിൽ പെട്ടതാണ്‌: ഞ്ജാനം ഉയർത്തപ്പെടുക, വിവരക്കേട്‌ പുറത്തു വരിക, മദ്യപാനം നടത്തപ്പെടുക, വ്യഭിചാരം പരസ്യമാവുക, അമ്പതു സ്ത്രീകൾക്ക്‌ കരുത്തനായ ഒരു പുരുഷൻ എന്ന അനുപാതത്തോളം പുരുഷന്മാർ കുറയുകയും സ്ത്രീകൾ കൂടുകയും ചെയ്യുക. (ബുഖാരി)

അല്ലാഹുവിന്റെ തണൽ

അല്ലാഹുവിന്റെ തണലല്ലാതെ മറ്റൊരു തണലുമുണ്ടാകാത്ത അന്ത്യ നാളിൽ ഏഴു വിഭാഗങ്ങൾക്ക്‌ അല്ലാഹു അവന്റെ തണൽ നൽകുന്നതാണ്‌. നീതിമാനായ ഭരണാധികാരി, അല്ലാഹുവിന്റെ ആരാധനയിലായി വളർന്ന ചെറുപ്പക്കാരൻ, ഒഴിഞ്ഞ സ്ഥലത്തു വെച്ച്‌ നിറഞ്ഞ കണ്ണുകളുമായി അല്ലാഹുവിനെ സ്മരിക്കുന്നവൻ, എപ്പോഴും ഹൃദയം പള്ളിയുമായി ബന്ധിക്കപ്പെട്ടവൻ, അല്ലാഹുവിനു വേണ്ടി പരസ്പരം സ്നേഹിച്ച രണ്ടാളുകൾ, തറവാട്ടിൽ പിറന്ന സുന്ദരിയായ സ്ത്രീ സ്വയം വിളിച്ചപ്പോൾ 'ഞാൻ അല്ലാഹുവിനെ ഭയക്കുന്നു'വെന്ന് പറഞ്ഞ പുരുഷൻ, ദാനം ചെയ്യുകയും വലതു കൈ ചെയ്തത്‌ ഇടതു കൈ അറിയാത്ത വിധം അതു മറച്ചു വെക്കുകയും ചെയ്തവൻ(എന്നിവരാണ്‌ ആ ഏഴു വിഭാഗങ്ങൾ).(ബുഖാരി)

വിശ്വാസവും പാപവും

വ്യഭിചരിക്കുന്നവൻ വ്യഭിചരിക്കുന്ന സമയത്തും മദ്യപിക്കുന്നവൻ മദ്യപിക്കുന്ന സമയത്തും മോഷ്ടിക്കുന്നവൻ മോഷണം നടത്തുന്ന സമയത്തും ജനങ്ങൾ നോക്കി നിൽക്കേ പിടിച്ചു പറിക്കുന്നവൻ പിടിച്ചു പറിക്കുന്ന സമയത്തും വിശ്വാസിയായിരിക്കുകയില്ല.(ബുഖാരി)

പിതൃ സ്നേഹം

നിങ്ങളുടെ പിതാക്കന്മാർ മറ്റാരെങ്കിലുമായിരുന്നെങ്കിൽ എന്ന് നിങ്ങൾ ആഗ്രഹിക്കരുത്‌. അങ്ങനെ ആഗ്രഹിക്കുന്നവൻ കാഫിറാകുന്നു. (ബുഖാരി)

പിതൃ സ്നേഹം

പിതാവല്ലെന്നറിഞ്ഞു കൊണ്ടു തന്നെ മറ്റൊരാളാണ്‌ തന്റെ പിതാവെന്ന് ഒരാൾ വാദമുന്നയിച്ചാൽ സ്വർഗ്ഗം അവന്‌ നിഷിദ്ധമാണ്‌. (ബുഖാരി)

മുഹമ്മദ്‌ നബി - മനുഷ്യവകാശ പ്രവർത്തനം

വിശ്വാസികൾക്ക്‌ അവരുടെ ആത്മാവിനേക്കാളും വേണ്ടപ്പെട്ടവൻ ഞാനാകുന്നു. വീട്ടാനുള്ള വകയൊന്നും ബാക്കിവെക്കാതെ കട ബാധ്യതയുമായി ഒരാൾ മരിച്ചാൽ അതു വീട്ടേണ്ട ചുമതല നമുക്കാകുന്നു. വല്ലതും അവൻ ബാക്കിവെച്ചിട്ടുണ്ടെങ്കിൽ അതവന്റെ അനന്തിരാവകാശികൾക്കുള്ളതുമാണ്‌.(ബുഖാരി)

അധികാരം

അധികാരം നീ ചോദിച്ചു വാങ്ങരുത്‌. ചോദിക്കാതെയാണ്‌ നിനക്കത്‌ ലഭിക്കുന്നതെങ്കിൽ അവ്വിഷയത്തിൽ നീ സഹായിക്കപ്പെടും. ചോദിച്ചിട്ടാണതു കിട്ടിയതെങ്കിലോ എല്ലാം നിന്നെത്തന്നെ ഏൽപ്പിക്കപ്പെടും. ഒരു കാര്യത്തിൽ നീ സത്യം ചെയ്യുകയും മറ്റൊന്ന് അതിനേക്കാൾ നല്ലതായി കണ്ടെത്തുകയും ചെയ്താൽ ആ നല്ലത്‌ നീ നടപ്പിൽ വരുത്തുകയും സത്യത്തിന്‌ പ്രായശ്ചിത്തം കൊടുക്കുകയും ചെയ്യുക.(ബുഖാരി)

കാര്യ ഗൗരവം

മുഹമ്മദിന്റെ സമുദായമേ, അല്ലാഹുവാണു സത്യം!; ഞാനറിയുന്നത്‌ നിങ്ങളറിഞ്ഞിരുന്നെങ്കിൽ നിങ്ങൾ കൂടുതലായി കരയുകയും കുറച്ചു മാത്രം ചിരിക്കുകയും ചെയ്യുമായിരുന്നു.(ബുഖാരി)

അവകാശ സംരക്ഷണം

തന്റെ സഹോദരന്റെ അവകാശങ്ങൾ വല്ലവനും കവർന്നു വച്ചിട്ടുണ്ടെങ്കിൽ ദീനാറും ദിർഹമുമില്ലാത്ത സ്ഥലത്തു വെച്ച്‌ സ്വന്തം സൽ കർമ്മങ്ങൾ പിടിച്ചെടുത്ത്‌ സഹോദരന്‌ നൽകുകയും, സൽകർമ്മങ്ങളൊന്നുമില്ലെങ്കിൽ സഹോദരന്റെ പാപങ്ങളെടുത്ത്‌ തന്റെമേൽ ചുമത്തപ്പെടുകയും ചെയ്യുന്നതിനു മുമ്പ്‌ അയാളെക്കണ്ട്‌ അവൻ അവന്റെ പ്രശ്നം പരിഹരിക്കട്ടെ. (ബുഖാരി)

പരേതർ

മരിച്ചവരെ നിങ്ങൾ അധിക്ഷേപിക്കരുത്‌. അവർ അവരുടെ കർമ്മ ഫലങ്ങളിലേക്ക്‌ പോയിക്കഴിഞ്ഞിരിക്കുന്നു.(ബുഖാരി)

മരണത്തിന്റെ ബാക്കിപത്രം

മൂന്നു പേർ പരേതനെ അനുഗമിക്കും. അതിൽ രണ്ടു പേർ തിരിച്ചു പോരും. ഒരാൾ അയാളുടെ കൂടെ അവശേഷിക്കും. അയാളുടെ കുടുംബവും സമ്പദ്യവും കർമ്മവുമാണ്‌ (അനുഗമിക്കുന്ന മൂന്നു പേർ). കുടുംബവും സമ്പാദ്യവും തിരിച്ചു പോരും. കർമ്മം അയാളുടെ കൂടെത്തന്നെയിരിക്കും. (ബുഖാരി)

യഥാർത്ഥ മുസ്‌ലിം

സ്വന്തം നാവിൽ നിന്നും കൈയിൽ നിന്നും മറ്റു മുസ്ലിംകൾ സുരക്ഷിതനായവനാരോ അവനാകുന്നു (യഥാർത്ഥ) മുസ്ലിം. അല്ലാഹു നിരോധിച്ച സംഗതികളിൽ നിന്നും പലായനം ചെയ്തവനാണ്‌ (യഥാർത്ഥ) മുഹാജിർ.(ബുഖാരി)

ആത്മഹത്യ

മലമുകളിൽ നിന്നു ചാടി ആരെങ്കിലും ആത്മഹത്യ ചെയ്താൽ അവൻ നരകാഗ്നിയിൽ നിന്ന് നിരന്തരം കാലാകാലം ചാടിക്കൊണ്ടിരിക്കും. ഒരാൾ വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്താൽ നരകാഗ്നിയിൽ വെച്ച്‌ നിരന്തരം കാലാകാലം അവൻ വിഷം കഴിച്ചു കൊണ്ടേയിരിക്കും. ഇരുമ്പായുധം കൊണ്ട്‌ ഒരാൾ സ്വയം കുത്തിമരിച്ചാൽ നരഗാഗ്നിയിൽ വെച്ച്‌ കയ്യിൽ ഇരുമ്പുമായി കാലാകാലം നിരന്തരം അവൻ തന്റെ വയറ്റിൽ കുത്തിക്കൊണ്ടേയിരിക്കും.(ബുഖാരി)