Friday, March 25, 2011

തിരുനബി വചനങ്ങൾ

ഇമാം സുയൂഥി(റ)യുടെ അൽ ജാമിഅ് അൽ സഗീറിൽ നിന്ന്

25. പണ്ഡിതന്മാരെ നിങ്ങൾ പിന്തുടരുക. നിശ്ചയം പണ്ഡിതന്മാർ ദുനിയാവിലെ വിളക്കുകകളും പരലോകത്തെ ദീപങ്ങളുമാകുന്നു.

26. നിന്റെ ഹൃദയം നിർമ്മലമായിത്തീരാനും നിന്റെ ആവശ്യങ്ങൾ നിറവേറാനും നീ ആഗ്രഹിക്കുന്നുവെങ്കിൽ അനാഥനോട് കരുണ കാണിക്കുക, അവന്റെ തലയിൽ തലോടുക, നിന്റെ ഭക്ഷണത്തിൽ നിന്ന് അവനെയും ഭക്ഷിപ്പിക്കുക; നിന്റെ ഹൃദയം നിർമ്മലമായിത്തീരും, നിന്റെ ആവശ്യങ്ങൾ നിറവേറ്റപ്പെടും.

27. നീ എവിടെയായിരുന്നാലും അല്ലാഹുവിനെ സൂക്ഷിക്കുക, ദുഷ്കർമ്മങ്ങൾക്കു പിറകെ ഉടൻ സൽകർമ്മങ്ങൾ ചെയ്യുക, എങ്കിൽ അത് മറ്റേതിനെ മായ്ച്ചു കളയുന്നതാണ്‌.

28. അല്ലാഹുവിനെ സൂക്ഷിക്കുക, നല്ല കാര്യങ്ങളിൽ ഒന്നിനെയും നിസ്സാരമായി കാണാതിരിക്കുക; വെള്ളം ചോദിച്ചവന്റെ പാത്രത്തിലേക്ക് നിന്റെ തൊട്ടിയിൽ നിന്ന് പാർന്നു കൊടുക്കുകയും നിന്റെ സഹോദരനെ വിടർന്ന മുഖവുമായി നീ കണ്ടു മുട്ടുകയും ചെയ്യുന്ന (ചെറിയ) കർമ്മങ്ങളായാൽ പോലും (ഒന്നിനെയും നീ കുറച്ചു കാണരുത്).

29. നീ നിന്നെ സൂക്ഷിക്കണം, മുണ്ട് നെരിയാണിയും വിട്ട് താഴ്ത്തുന്നതും ശ്രദ്ധിക്കണം. അങ്ങനെ താഴ്ത്തുന്നത് അഹങ്കാരത്തിൽ പെട്ടതാണ്‌. അത് അല്ലാഹു ഇഷ്ടപ്പെടുകയില്ല.

30. നിന്നിലില്ലാത്ത വല്ലതിന്റെയും പേരിൽ ഒരാൾ നിന്നെ ചീത്ത പറയുകയും അധിക്ഷേപിക്കുകയും ചെയ്താൽ അവനിലുള്ള ഒരു സംഗതിയുടെ പേരിൽ നീ അവനെ അവഹേളിക്കരുത്. അവനെ അവന്റെ പാട്ടിനു വിടുക. അതിന്റെ പ്രതിഫലം നിനക്കാകുന്നു. നീ ഒരിക്കലും ആരെയും ചീത്ത പറയരുത്. (ഇബ്നു ഹിബ്ബാൻ).

31. ഹറാമുകളെ വർജ്ജിക്കുക; എങ്കിൽ നീ ജനങ്ങളിൽ വെച്ചേറ്റവും വലിയ ഭക്തനായിത്തീരും. അല്ലാഹു നിനക്കു കണക്കാക്കിയതു കൊണ്ട് നീ തൃപ്തനാവുക; എങ്കിൽ നീ ജനങ്ങളിൽ വെച്ചേറ്റവും വലിയ ധനികനായിത്തീരും. നിന്റെ അയൽവാസിയ്ക്കു നീ നന്മ ചെയ്യുക; എങ്കിൽ നീ വിശ്വാസിയായിത്തീരും. നിനക്കിഷ്ടപ്പെടുന്നതെന്തോ അത് ജനങ്ങൾക്കുമുണ്ടാകാൻ നീ ആഗ്രഹിക്കുക; എങ്കിൽ നീ മുസ്‌ലിമായിത്തീരും. കൂടുതലായി ചിരിക്കരുത്; നിശ്ചയം, ചിരിയുടെ ആധിക്യം ഹൃദയത്തെ കൊന്നു കളയും.

32. അക്രമിക്കപ്പെട്ടവന്റെ പ്രാർത്ഥനയെ നീ സൂക്ഷിക്കണം. നിശ്ചയം അല്ലാഹുവിനോടവൻ ചോദിക്കുന്നത് അവന്റെ അവകാശമാണ്‌. ഒരുത്തന്റെയും അവകാശം അല്ലാഹു ഒരിക്കലും തടഞ്ഞു വെക്കില്ല.(ഖത്വീബ്)

33. അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കണം. മക്കൾക്കിടയിൽ നിങ്ങൾ നീതി പ്രവർത്തിക്കുകയും വേണം. (ബുഖാരി, മുസ്‌ലിം).

34. അല്ലാഹുവിനെ സൂക്ഷിക്കുക, നിങ്ങളോടെങ്ങിനെ നിങ്ങളുടെ മക്കൽ ഗുണം ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അതു പോലെ അവർക്കിടയിലും നിങ്ങൾ നീതിപൂർവ്വം വർത്തിക്കുവിൻ( ത്വബ്‌റാനി).

35. രണ്ടു ദുർബ്ബലരുടെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കണം. അടിമകളും സ്ത്രീകളുമാണവർ!. (ഇബ്നു അസാകിർ)

36. നിസ്കാരത്തിന്റെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, നിസ്കാരത്തിന്റെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, നിസ്കാരത്തിന്റെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, നിങ്ങളുടെ വലം കൈ ഉടമയാക്കിയ അടിമകളുടെ കാര്യത്തിലും നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, നിങ്ങളുടെ വലം കൈ ഉടമയാക്കിയ അടിമകളുടെ കാര്യത്തിലും നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. രണ്ടു ദുർബ്ബലരുടെ കാര്യത്തിലും നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. വിധവയായ സ്ത്രീയും അനാഥനായ കുഞ്ഞുമാണ്‌ (ആ രണ്ടു പേർ).

37. അല്ലാഹുവിനെ സൂക്ഷിക്കുക, കുടുംബ ബന്ധങ്ങൾ കൂട്ടിയിണക്കുക. (ഇബ്നു അസാകിർ)

38. അക്രമത്തെ സൂക്ഷിക്കുക, അക്രം അന്ധ്യ നാളിലെ അന്ധകാരങ്ങളാകുന്നു.

39. ഒരു കാരക്കയുടെ ചീന്തു കൊണ്ടെങ്കിലും നരകത്തെ നിങ്ങൾ കാത്തു കൊള്ളണം.

40. ഒരു കാരക്കയുടെ ചീന്തു കൊണ്ടെങ്കിലും നരകത്തെ നിങ്ങൾ കാത്തു കൊള്ളണം. അതും കിട്ടിയില്ലെങ്കിൽ ഒരു നല്ല വാക്കു കൊണ്ടെങ്കിലും. (ബുഖാരി, മുസ്‌ലിം, അഹ്‌മദ്)

41. അക്രമിക്കപ്പെട്ടവന്റെ പ്രാർത്ഥനയെ നിങ്ങൾ കരുതിയിരിക്കുക, മേഘത്തിനു മുകളിൽ അതു വഹിക്കപ്പെടും. അല്ലാഹു പറയും: ‘എന്റെ അന്തസ്സും പ്രതാപവും സാക്ഷി, കുറച്ചു കഴിഞ്ഞിട്ടാണെങ്കിലും ഞാൻ നിന്നെ സഹായിക്കുക തന്നെ ചെയ്യും. (ത്വബ്‌റാനി).

42. അക്രമിക്കപ്പെട്ടവന്റെ പ്രാർത്ഥനയെ സൂക്ഷിക്കുക, തീപ്പൊരി കണക്കെ അത് ആകാശത്തിലേക്കു കയറിപ്പോകും. (അൽ ഹാകിം)

43. അക്രമിക്കപ്പെട്ടവൻ കാഫിറാണെങ്കിൽ പോലും അവന്റെ പ്രാർത്ഥനയെ സൂക്ഷിക്കുക; കാരണം അതിനിടയിൽ മറകളൊന്നുമില്ല. (അഹ്‌മദ്, അഹൂ യഅ്ല)

44. രണ്ടു പേരുടെ നേർക്ക് അന്ത്യ നാളിൽ അല്ലാഹു നോക്കുക പോലുമില്ല. കുടുംബ ബന്ധം മുറിച്ചവൻ മോശം അയല്ക്കാരൻ (എന്നിവരാണവർ). (ദൈലമി)

45. ഒരാളേക്കാൾ കൂടുതൽ രണ്ടു പേരാണ്‌. രണ്ടു പേരേക്കാൾ കൂടുതൽ മൂന്നു പേരാണ്‌. മൂന്നു പേരേക്കാൾ കൂടുതൽ നല്ലത് നാലു പേരും. അതു കൊണ്ട് നിങ്ങൾ സംഘടിതരായിരിക്കുക. നിശ്ചയം അല്ലാഹു എന്റെ സമുദായത്തെ നേരായ വഴിയിൽ മാത്രമേ സംഘടിപ്പിക്കുകയുള്ളൂ. (അഹ്‌മദ്).

No comments:

Post a Comment